ബാലുശ്ശേരി (കോഴിക്കോട്): ഇടതു വിട്ടുള്ള ഹൃദയപക്ഷമോ ?. കേട്ടാൽ അങ്ങനെയൊരു പക്ഷംമാറ്റം ആരും വിശ്വസിച്ചെന്നു വരില്ല. പക്ഷേ, ഇയ്യാട് തെക്കേടത്ത് 'ദേവാമൃത'ത്തിൽ ഹരിദാസൻ വലതുനെഞ്ചിൽ കൈവെച്ചു പറയുന്നത് ഒടുവിൽ സമ്മതിച്ചുകൊടുക്കാതെ വയ്യ. ഈ അറുപതുകാരന്റെ ഹൃദയം വലതുപക്ഷത്തു തന്നെ!. ഒൻപത് ലക്ഷം പേരിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അത്ഭുതപ്രതിഭാസം!!.
ജന്മനാ ഹൃദയം വലതുവശത്താണെന്നത് കൃഷിക്കാരനായ ഹരിദാസൻ തിരിച്ചറിയുന്നത് ഏതാണ്ട് 15 വർഷം മുമ്പ് മാത്രം. രക്തസമ്മർദ്ദം കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിറകെ നടന്ന വിസ്തരിച്ചുള്ള ടെസ്റ്റുകൾക്ക് പിറകെയായിരുന്നു അത്. ഹരിദാസന്റെ കാര്യത്തിൽ ഹൃദയത്തിന്റെ സ്ഥാനം നെഞ്ചിന്റെ വലതുഭാഗത്തു തന്നെയാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അദ്ധ്യാപകൻ ഡോ.ഹരീഷ് കുമാർ താമരശ്ശേരി സാക്ഷ്യപ്പെടുത്തുന്നു.
നേരത്തെ അടുത്ത ബന്ധുക്കൾക്കും മറ്റും മാത്രമെ ഹൃദയത്തിന്റെ ഈ സ്ഥാനമാറ്റം അറിയാമായിരുന്നുള്ളൂ. ഈയിടെ ഒരു സുഹൃത്തിനോടു പറഞ്ഞതിനു പിന്നാലെ അത് മറ്റു പലരിലേക്കുമെത്തുകയായിരുന്നു.
മുപ്പത് വർഷം മുമ്പ് പനി ബാധിച്ച് നാട്ടിലെ ഡോ.കെ.കെ.മുഹമ്മദ് കുട്ടിയെ കാണിച്ചപ്പോൾ ഇ.സി.ജി യിൽ ചെറിയ പ്രശ്നം കാണുന്നതായി അദ്ദേഹം സൂചിപ്പിച്ചിരുന്നുവെന്ന് ഹരിദാസൻ പറയുന്നു. നെഞ്ചിൽ കുഴൽ വെച്ച് ഡോക്ടർ പലവട്ടം നോക്കുന്നത് കണ്ടപ്പോൾ തമാശ മട്ടിൽ ചോദിച്ചതാണ് ; സാറെ എനിക്ക് അവിടെ ഹൃദയമില്ലേ എന്ന്. ഹൃദയത്തിന്റെ സ്ഥാനത്തിൽ ഡോക്ടർക്ക് സംശയമുണ്ടായിരുന്നതുകൊണ്ടാവണം വിദഗ്ദ്ധപരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകാൻ പറഞ്ഞിരുന്നു. പനി വേഗം ഭേദമായതോടെ പിന്നെ അവിടേക്കൊന്നും പോയില്ല. ഡോ.മുഹമ്മദ് കുട്ടി അതിനിടയ്ക്ക് ഉപരിപഠനത്തിനു വിദേശത്തേയ്ക്ക് പോയതു കാരണം അദ്ദേഹത്തിന്റെ അന്വേഷണവുമുണ്ടായില്ല.
പിന്നീട് 15 വർഷം കഴിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോൾ ഇക്കോ ടെസ്റ്റ് ഉൾപ്പെടെ കഴിഞ്ഞതോടെ ഡോക്ടർമാർ ഉറപ്പിച്ചു ഈ രോഗിയുടെ ഹൃദയം വലതുവശത്തു തന്നെയെന്ന്. രക്തസമ്മർദ്ദം സാധാരണ നിലയിലായി സുഖപ്പെട്ടിട്ടും വീണ്ടും ഒരാഴ്ചയോളം അശുപത്രിയിൽ കിടക്കേണ്ടി വന്നു. അത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായിരുന്നുവെന്ന് ഹരിദാസൻ ചിരിയോടെ പറയുന്നു.
ഇപ്പോഴും ആരോഗ്യപ്രശ്നമെന്നു പറയാൻ പ്രത്യേകിച്ചൊന്നുമില്ല. സ്ഥാനം തെറ്റി അതങ്ങനെ തന്നെയുണ്ട്. ശ്യാമളയാണ് ഹരിദാസന്റെ ഭാര്യ.
ഡെക്സ്ട്രോകാർഡിയ എന്നാൽ...
സാധാരണഗതിയിൽ ഗർഭാവസ്ഥയിൽ ഏതൊരു കുഞ്ഞിന്റെയും ഹൃദയം വലതുവശത്തായിരിക്കും. കുഞ്ഞ് പൂർണവളർച്ചയെത്തുന്നതോടെ റൊട്ടേറ്റ് ചെയ്യുന്നതിനിടയിൽ ഇടതുവശത്തേക്ക് മാറുകയാണ് പതിവ്. ഹരിദാസന്റെ കാര്യത്തിൽ അത്തരമൊരു മാറ്റം നടന്നില്ല. വൈദ്യശാസ്ത്രത്തിൽ ഡെക്സ്ട്രോകാർഡിയ എന്ന അപൂർവപ്രതിഭാസമാണിത്.
ഹൃദയം അല്പം സ്ഥാനം മാറി വലതുവശത്തേക്ക് ചാഞ്ഞുനിൽക്കുന്ന അവസ്ഥയുമുണ്ട്. അത് 12,019 പേരിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്നതാണത്.