കോഴിക്കോട്: കലാ - സാഹിത്യ ചരിത്രം പോലും തിരുത്തിയെഴുതാൻ ഏജൻസികൾ നിയോഗിക്കപ്പെടുന്ന അവസ്ഥയാണ് രാജ്യത്തെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

രചനകൾ തങ്ങൾക്ക് രുചികരമല്ലെങ്കിൽ അത്തരക്കാർ ചന്ദ്രനിലേക്ക് പോകട്ടെ എന്നും മറ്റുമാണ് ചിലരുടെ കല്പന. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമമാണ്. പാഠ്യപദ്ധതിയിൽ പോലും അബദ്ധങ്ങൾ കുത്തിനിറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തളി ഗുരുവായൂരപ്പൻ ഹാളിൽ കടത്തനാട് ഉദയവർമരാജ പുരസ്‌കാര സമ‌ർപ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.കെ.കെ.എൻ.കുറുപ്പ്, ഇ.എം.ഹാഷിം, ആർ.ഉണ്ണിമാധവൻ എന്നിവർക്ക് മന്ത്രി പുരസ്‌കാരം സമ്മാനിച്ചു.

ചടങ്ങിൽ ഇ.കെ.ഗോവിന്ദവർമ്മ രാജ അദ്ധ്യക്ഷനായിരുന്നു. പി.കെ.പോക്കർ ഉദയവർമ്മരാജ അനുസ്മരണ പ്രഭാഷണം നടത്തി. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഫോക്‌ലോറിൽ ഡോക്ടറേറ്റ് നേടിയ വി.ടി. മനോജിനെ ആദരിച്ചു. യു. രാഘവൻ, അബുലൈസ്, കെ.എം. പ്രിയദർശൻ ലാൽ എന്നിവർ സംസാരിച്ചു. ഇ.കെ കൃഷ്ണകുമാരി നന്ദി പറഞ്ഞു.