വടകര: മടപ്പള്ളി റെയിൽവേ അടിപ്പാത വന്നപ്പോൾ ഒടുവിൽ എളുപ്പവഴിയായെന്ന് ആശ്വസിച്ചതാണ് കിഴക്കൻ മേഖലയിൽ ഉൾ്പ്പെടെയുള്ളവർ. എന്നാൽ, ചുരുങ്ങിയ കാലത്തിനിടയ്ക്ക് തന്നെ ഇതു ദുർഘടപാതയായി തീർന്നതോടെ ചുറ്റിക്കറങ്ങേണ്ടി വരികയാണ് ഇവർക്കൊക്കെയും.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷമാണ് ഈ അടിപ്പാത ഒരു വർഷം മുമ്പ് യാഥാർത്ഥ്യമായത്. പ്രദേശവാസി കൾക്കൊപ്പം ഓർക്കാട്ടേരി, എടച്ചേരി, നാദാപുരം ഭാഗത്തുകാരടക്കം കിഴക്കൻ മേഖലയിലുള്ളവർക്കും മടപ്പള്ളി കോളേജ്, ചോമ്പാൽ ഹാർബർ തുടങ്ങി തലശ്ശേരി റൂട്ടിൽ പോകുന്നവർക്കും എളുപ്പവഴി തുറന്നുകിട്ടുകയായിരുന്നു. രാജ്യസഭ, ലോക്സഭ എം.പി മാരുടെയും എം എൽ എ യുടെയും ഫണ്ട് മുഖേനയാണ് 2018 ൽ അടിപ്പാത പൂർത്തിയാക്കിയത്. നാട്ടുകാരുടെ നീണ്ട കാലത്തെ ആവശ്യം സാദ്ധ്യമാക്കാനായത് ഒഞ്ചിയം പഞ്ചായത്ത് ഭരിക്കുന്ന ആർ എം പി അഭിമാനനേട്ടമായും കണ്ടു. കൊട്ടും കുരവയുമൊക്കെയായി ആർഭാടത്തോടെയായിരുന്നു അടിപ്പാതയുടെ ഉദ്ഘാടനം.

പക്ഷേ, ഇപ്പോൾ നാടിനു നാണക്കേടെന്ന മട്ടിലായി ഈ എളുപ്പവഴിയുടെ അവസ്ഥ. വാഹനഗതാഗതമെന്നല്ല, കാൽനടയാത്ര പോലും ദുരിതമയം. അടിപ്പാത റോഡിന് യാതൊരു അറ്റകുറ്റപ്പണിയുമുണ്ടായില്ല. ഒരു മഴക്കാലം കൊണ്ടു തന്നെ മടപ്പള്ളി ഭാഗത്തേക്കുള്ള മുക്കാൽ കിലോമീറ്റർ ദൂരം റോഡ് ചെളിക്കളമായി മാറിയിരിക്കുകയാണ്. ഓട്ടോറിക്ഷകൾ പോലും ഇതുവഴി ഓട്ടം പോകാറില്ല.

അടിപ്പാലത്തിൽ നിന്ന് നോക്കിയാൽ കാണുന്ന ദൂരത്തുള്ള മടപ്പള്ളിയിൽ എത്തേണ്ടവർക്ക് ഇപ്പോൾ കൈനാട്ടി വഴി ആറു കിലോമീറ്റർ ചുറ്റിക്കറണ്ടേണ്ടി വരുന്നു. ഫലം സമയനഷ്ടവും സാമ്പത്തികനഷ്ടവും. മഴ മാറിത്തുടങ്ങിയിരിക്കെ ഇനിയെങ്കിലും അധികൃതർ കണ്ണ് തുറക്കണമെന്ന ആവശ്യമാണ് പ്രദേശവാസികളുടേത്. മടപ്പള്ളി ഭാഗം വരെ താത്കാലിക അറ്റകുറ്റപ്പണിയെങ്കിലും നടത്തിക്കൂടേ?​. അതാണ് അവരുടെ ചോദ്യം.