bjp

കോഴിക്കോട്: അഞ്ചിടത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബി ജെ പിയിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് തർക്കം രൂക്ഷമായി. സംഘടനാ തിരഞ്ഞെടുപ്പിൽ പ്രസിഡൻൻറ് സ്ഥാനം നഷ്ടമാകുമെന്നുറപ്പായ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള വട്ടിയൂർക്കാവ് സീറ്റിനായി ചരടുവലി തുടങ്ങിക്കഴിഞ്ഞു. പാർലമെൻറ് തിരഞ്ഞെടുപ്പിൽ പത്തനംത്തിട്ടയിൽ മത്സരിക്കാൻ ആഗ്രഹിച്ച ശ്രീധരൻപിള്ള അന്ന് പിന്മാറിയത് വട്ടിയൂർക്കാവിൽ മത്സരിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. ആർ എസ് എസ് നേതൃത്വം വട്ടിയൂർക്കാവ് സീറ്റ് പിള്ളയ്ക്ക് നൽകുമെന്ന ഉറപ്പ് നൽകിയിരുന്നതായാണ് ശ്രീധരൻപിള്ള വിഭാഗം അവകാശപ്പെടുന്നത്.

എന്നാൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ പരാജയപ്പെട്ട മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനെ വട്ടിയൂർക്കാവിൽ നിറുത്താനാണ് ഇപ്പോൾ ആർ എസ് എസിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും താത്പര്യം. വി മുരളീധരൻ വിഭാഗം വി വി രാജേഷിന് വേണ്ടിയും പികെ കൃഷ്ണദാസ് വിഭാഗം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ എസ്.സുരേഷിന് വേണ്ടിയും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും കുമ്മനം മത്സരിക്കാൻ തയ്യാറായാൽ ഇരുവിഭാഗവും അദ്ദേഹത്തിനെ പിന്തുണയ്ക്കും.

പാർട്ടി പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്നാണ് പിള്ള ആഗ്രഹിക്കുന്നതെങ്കിലും അദ്ദേഹത്തിന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നാണ് വിവരം. തദ്ദേശീയരായ നേതാക്കൾ തന്നെ മഞ്ചേശ്വരത്ത് മത്സരിക്കട്ടെ എന്ന നിലപാടാണ് കെ.സുരേന്ദ്രനുള്ളത്. അങ്ങനെയെങ്കിൽ കാസർഗോഡ് പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിച്ച രവീശ തന്ത്രി കുണ്ടാറിനോ ജില്ലാ പ്രസിഡൻറ് കെ.ശ്രീകാന്തിനോ നറുക്ക് വീഴും.

bjp

കോന്നിയിൽ കെ.സുരേന്ദ്രൻ മത്സരിക്കണമെന്നാണ് പത്തനംത്തിട്ട ജില്ലാ കമ്മിറ്റിയുടെ ആവശ്യമെങ്കിലും അദ്ദേഹം വഴങ്ങാത്ത സാഹചര്യത്തിൽ മറ്റൊരു സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനാവും കൂടുതൽ സാദ്ധ്യത. മുൻ ഡിജിപി സെൻകുമാറിനെ ഇവിടെ മത്സരിപ്പിക്കാനാണ് ആർ എസ് എസ് നേതൃത്വത്തിന് താത്പര്യം. എറണാകുളത്ത് ടോംവടക്കൻെറ പേരാണ് പരിഗണിക്കുന്നത്. അരൂരിൽ ബി ഡി ജെ എസ് സ്ഥാനാർത്ഥിയാവും മത്സരിക്കുക. എന്തായാലും സംഘടനാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലം പാർട്ടിയിലെ എല്ലാ ഗ്രൂപ്പുകൾക്കും നിർണായകമാവുകയാണ്.