പേരാമ്പ്ര:ദുരന്തങ്ങളിലും വാഹന അപകടങ്ങളിലും പെടുന്നവർക്ക് സ്വാന്തനം പകരാൻ ഇനി വിദ്യാർത്ഥികളും . നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരാണ് സേവനത്തിന് തയ്യാറെടുക്കുന്നത് .
പ്രളയ ദുരിതങ്ങൾ എല്ലാ വർഷവും ഉണ്ടാകുമ്പോൾ പരിശീലനം നേടിയവരുടെ അഭാവം അപകടത്തിന്റെ ആഴം വർധിപ്പിക്കുന്നുവെന്ന തിരിച്ചറിവാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരത്തിനു പിന്നിൽ.ആദ്യഘട്ടം സ്കൂളിലെ 100 എൻ. എസ്. എസ് വളണ്ടിയർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25പേർക്കാണ് നിരന്തര പരിശീലനം നൽകി സജ്ജമാക്കുന്നത്.
15ആൺകുട്ടികളും 10പെൺകുട്ടികളും അടങ്ങുന്ന ടീമിന് 'ജൂനിയർ റെസ്ക്യൂ ടീം' എന്ന പേരിൽ ഫയർ &റെസ്ക്യൂ വിഭാഗം, ട്രൊമാ കെയർ,ട്രാഫിക്, പൊലീസ് ഉൾപ്പെടെയുള്ളവരുടെയും ദുരന്ത നിവാരണ പരിശീലനം നേടിയ പരിശീലകരുടെയും നേതൃത്വത്തിൽ രണ്ട് വർഷം നീണ്ടു നിൽക്കുന്ന, പരിശീലനമാണ് നൽകുക. റോഡപകടങ്ങളുടെ കൈകാര്യം,നീന്തൽ പരിശീലനം,പ്രഥമ ശുശ്രൂഷ പരിശീലനം, മരം മുറിക്കൽ, കായിക പരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നൽകും.
പേരാമ്പ്ര ഫയർ സ്റ്റേഷനുമായി സഹകരിച്ചു ഒന്നാം ഘട്ട പരിശീലന പരിപാടി സ്കൂളിൽ നടന്നു. പ്രോഗ്രാം ഓഫീസർ പിസി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു ഫയർമാൻമാരായ സി. കെ സൈജേഷ്, ഐ. ബി. രാഗിൻ കുമാർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.സി. മുനീർ, ഉബൈദ് ചെറുവറ്റ,ജുനു ഫാത്തിമ, ആർ.ആർ അഭിനവ്,വൈഷ്ണവ്, നേഹ ലക്ഷ്മി,മുഹമ്മദ് സഹൽ, ആദിഷ് എസ് കുമാർ സംസാരിച്ചു.