പേരാമ്പ്ര: നിപ വൈറസ് ബാധിച്ച് ജീവൻ ത്യജിക്കേണ്ടി വന്ന സിസ്റ്റർ ലിനിയുടെ പേരമ്പ്രയിലുള്ള വീട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ സന്ദർശിച്ചു. ഭർത്താവ് സജീഷ്, മക്കളായ റിതുൽ, സിദ്ധാർത്ഥ്, മറ്റ് ബന്ധുക്കൾ എന്നിവരെക്കണ്ട് മന്ത്രി സംസാരിക്കുയും ലിനിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് ടീച്ചർ ചെമ്പനോടയിലെ വീട്ടിൽ എത്തിയത് .കഴിഞ്ഞ വര്‍ഷം മേയ് 21-ാം തീയതിയാണ് നിപ ബാധിതരെ തുടക്കത്തില്‍ ശുശ്രൂക്ഷിച്ച പേരമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനി രോഗബാധമൂലം മരണമടഞ്ഞത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും മറ്റുപ്രവര്‍ത്തകരും ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും ലിനി ഒരു മാതൃകയും ആവേശവുമാണെന്ന് മന്ത്രി പറഞ്ഞു. ലിനിയോടുള്ള വാക്ക് പാലിച്ച് മക്കള്‍ക്ക് ഒരു കുറവും വരാതെ സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് സജീഷ് .ആ ഓരോര്‍മ്മയില്‍ അവരുടെ കുടുംബത്തെ നേരില്‍ കാണാനാണ് മന്ത്രി വീട്ടിലെത്തിയത്.