പേരാമ്പ്ര: പന്തിരിക്കര ടൗണ്‍ മദ്രസ്സ സ്റ്റോപ്പ് മുതല്‍ പട്ടാണിപ്പാറ വരെയുള്ള ഭാഗങ്ങളില്‍ ചങ്ങരോത്ത് പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകള്‍ കൂട്ടത്തോടെ കണ്ണു ചിമ്മിയിട്ട് മാസങ്ങളേറെയായിയിട്ടും നടപടിയൊന്നുമില്ലെന്ന് ആക്ഷേപം. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണിത്. രാത്രി സമയങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സ്ഥലമായിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ മാസങ്ങളില്‍ പെരുവണ്ണാമൂഴിയിലും പരിസര പ്രദേശങ്ങളിലും പുലിയിറങ്ങിയ സംഭവവുമുണ്ടായിട്ടുണ്ട്. രാത്രി സമയങ്ങളില്‍ പന്നിയുടെയും, മറ്റു കാട്ടുമൃഗങ്ങളുടെയും ആക്രമണം കാരണം റോഡിലൂടെ നടന്നു പോകാന്‍ പറ്റാത്ത സാഹചര്യമാണെന്നാണ് ഇവർ പറയുന്നത്. പന്തിരിക്കര പള്ളിക്കുന്ന് ഭാഗങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ കോഴി മാലിന്യം, അറവ് മാലിന്യം, കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ റോഡരികില്‍ തള്ളുന്നതിനുള്ള പ്രധാന കാരണം തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതാണെന്നും നാട്ടുകാര്‍ പറയുന്നു. കേടായ വിളക്കുകള്‍ പുനസ്ഥാപിക്കാനും, കടിയങ്ങാട് മുതല്‍ പെരുവണ്ണാമൂഴി വരെ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.