കുറ്റ്യാടി : കുപ്പത്തൊട്ടിയായി മാറി കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റ് പരിസരം. പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾ ഇവിടെ കുന്നുപോലെ കൂട്ടിയിട്ടിരിക്കുകയാണ്. ബസ് സ്റ്റാന്റിന്റെ തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് മാലിന്യങ്ങൾ കൂട്ടിയിരിക്കുന്നത്.
താഴ്ന്ന പ്രദേശമായതിനാൽ മഴവെള്ളം ഒഴുകി എത്തി മാലിന്യവുമായി കലർന്ന് കെട്ടി കിടക്കുകയാണ്. മലിനജലം കൊതുകു വാസകേന്ദ്രമായി മാറിയിരിക്കുകയാണ്. കുറ്റ്യാടി, നാദാപുരം റോഡിലെ ബസ് സ്റ്റാന്റ് പ്രവേശന വഴി പരിസരം മുതൽ ഏകദേശം ഇരുന്നൂറ് മീറ്ററോളം ദൂരത്തിൽ പ്ലാസ്റ്റിക്ക് സഞ്ചികളിലും മറ്റും കെട്ടി വലിച്ചെറിഞ്ഞിരിക്കുന്ന ഭാണ്ഡകെട്ടുകളും കാണാം.
രാത്രിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് കാരണം വിഷപ്പുക അന്തരീക്ഷത്തിൽ പടരുന്നുവെന്ന പരാതിയും നാട്ടുകാർക്കുണ്ട്.
2016-ൽ തദ്ദേശ സ്വയംഭരണ വകുപ്പ് അൻപത് മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്ക് നിരോധിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത്തരത്തിലുള്ള പ്ലാസ്റ്റിക് വിൽപന തടയുന്നതിൽ പഞ്ചായത്ത് അധികാരികൾ താൽപര്യം കാണിച്ചില്ല. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് പാഴ് വസ്തുക്കളാണ് ഇവിടെ കൂട്ടിയിരിക്കുന്നത്. ആളനക്കമില്ലാത്ത വേളയിൽ ഇവ വലിച്ചെറിയുന്നതും കത്തിക്കുന്നതും പതിവാണ്. മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന
കുറ്റ്യാടി ഹയർ സെക്കൻഡറി സ്കൂളിലേക്ക് ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം ഇരുന്നൂറ് മീറ്റർ ദൂരമേയുള്ളൂ . പ്ലാസ്റ്റിക് കത്തിക്കുന്ന വിഷപ്പുക പരിസരമാകെ പടരുന്നത് രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ട്.
നൂറു കണക്കിന്ന് വാണിജ്യ സ്ഥാപനങ്ങളാണ് ഇതിനടുത്തുള്ളത്. നല്ല രീതിയിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രം കുറ്റ്യാടിയിൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
' ദിവസവും നൂറ് കണക്കിന് വിദ്യാർത്ഥികളും മറ്റുമെത്തുന്ന ബസ് സ്റ്റാന്റ് പരിസരത്തെ മാലിന്യക്കൂമ്പാരം ശുചീകരിക്കാൻ അധികാരികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു'
-പി.കെ ഷമീർ, കുറ്റ്യാടി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ