പയ്യോളി:ഹൈവേ വികസനത്തിന്റെ ഭാഗമായി കടകളൊഴിപ്പിക്കാൻ വന്ന തഹസിൽദാരും സംഘവും മടങ്ങി.കടയുടമകൾക്കു നൽകിയതു പോലെ വ്യാപാരികൾക്കും അർഹമായ സഹായ പാക്കേജ് പ്രഖ്യാപിച്ചാൽ മാത്രമേ കടകൾ ഒഴിയാൻ തയ്യാറാവൂ എന്ന് പറഞ്ഞ് വ്യാപാരി ഏകോപനസമിതി മൂരാട് യൂണിറ്റ് പ്രതിഷേധിച്ചതിനെ തുടർന്നാണ് അധികൃതർ നടപടികൾ നിർത്തിവച്ചത്.
കടയുടമകളിൽ പലർക്കും ഭൂമിയുടെയും കെട്ടിടത്തിന്ന്റെയും നഷ്ട പരിഹാരം ലഭിച്ചെങ്കിലും വ്യാപാരികൾക്ക് 3 ലക്ഷം വീതവും കടയിൽ ജോലി ചെയ്യുന്നവർക്ക് 36000 രൂപ വീതവും നഷ്ടപരിഹാരമായി നൽകുമെന്നും അധികാരികൾ വാഗ്ദാനം നൽകിയിരുന്നു.
ഈ കാര്യത്തിൽ വ്യക്തമായ ഉറപ്പു ലഭിക്കാത്തതിനെ തുടർന്നാണ് വ്യാപാരികൾ പ്രതിഷേധിച്ചത്.പ്രതിഷേധത്തെ തുടർന്നു ലാൻഡ് അക്വിസിഷൻ തഹസിൽദാർ രഘുനാഥ് ,പ്രകാശൻ എന്നിവർ വ്യാപാരികളുമായി ചർച്ചയ്ക്കു തയ്യാറാവുകയും വിഷയം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാമെന്നും പറഞ്ഞു നടപടികൾ താൽക്കാലികമായി നിറുത്തിവയ്ക്കുകയായിരുന്നു.
സമരത്തിന് മണിയോത് മൂസ,കെ.ടി,വിനോദൻ , സുകുമാരൻ , ബാബു മുല്ലക്കുളം ,കെ.വി.സതീശൻ ,ഗിരീഷ് പുതിയെടുത്ത് എന്നിവർ നേതൃത്വം നൽകി.
അർഹമായ നഷ്ടപരിഹാരം നൽകാതെ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളോട് സർക്കാരും അധികാരികളും കാണിക്കുന്ന നീതി നിഷേധത്തിൽ പ്രതിഷേധിച്ചു മൂരാട് ടൗണിൽ വ്യാപാരികൾ പ്രകടനം നടത്തി.വ്യാപാരികളായ കരീം സൽക്കാര,അബ്ദുറഹിമാൻ,ശിവദാസൻ,രാജൻ,ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
1:ദേശീയ പാത വികസനത്തിന്റെ ഭാഗമായി കടയൊഴിപ്പിക്കാൻ വന്ന തഹസിൽദാർക്കെതിരെ വ്യാപാരി ഏകോപനസമിതിയുടെ നേതൃത്വത്തിൽ മൂരാട് നടന്ന പ്രതിഷേധം