വടകര: നഗരസഭയിലെ പ്രകൃതി മനുഷ്യ വിഭവങ്ങള്‍ സംബന്ധിച്ച വിവരശേഖരണത്തിനായി ഡ്രോണ്‍ സര്‍വ്വെ ആരംഭിച്ചു. ഇന്റലിജന്റ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സിസ്റ്റം(ഐ.പി.എം.എസ്) നടപ്പാക്കുന്നതിനായാണ് ഡ്രോണ്‍ സര്‍വ്വെ. ജില്ലാ കളക്ടര്‍ ഡോ. സാബശിവറാവു ഉദ്ഘാടനം ചെയ്തു.

മൂന്നു മാസം കൊണ്ട് നഗരസഭയിലെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. എല്ലാ വീടുകള്‍ക്ക് മുകളിലൂടേയും ഡ്രോണ്‍ പറക്കും. റോഡുകള്‍, പാലങ്ങള്‍, വീടുകള്‍, വീട്ടുകാരുടെ വിവരങ്ങള്‍, അഴുക്ക് ചാലുകള്‍, തണ്ണീര്‍തടങ്ങള്‍, പാടങ്ങള്‍, തരിശു നിലങ്ങള്‍, റെയില്‍വെ വാര്‍ഡുകളുടെ അതിരുകള്‍, ഉള്‍പെടെ മുഴുവന്‍ വിവരങ്ങളും ഫോട്ടോ എടുത്ത് സ്വരൂപിക്കും.

നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷനായി. കെ.എം വിപിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ.പി. ബിന്ദു, ഇ. അരവിന്ദാക്ഷന്‍ ,പി. അശോകന്‍, റീനജയരാജ്, വി. ഗോപാലന്‍, കടത്തനാട് ബാലകൃഷ്ണന്‍, എം.ടി നാരായണന്‍ സംസാരിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളായ ഡ്രോണ്‍ ഡി.ജി.പി.എസ്, ലേസര്‍ ടേപ്പ്, പ്രത്യേകം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി.

സര്‍വ്വെക്ക് 10 ദിവസം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് ശേഷം സര്‍വ്വെ ടീം ഓരോ വീടുകളും സന്ദര്‍ശിച്ച് വ്യക്തി ഗത വിവരങ്ങളെടുക്കും. ഓരോ അംഗത്തിന്റേയും ആരോഗ്യ വിവരങ്ങള്‍, വിദ്യാഭ്യാസം, വളര്‍ത്തു മൃഗങ്ങളുടെ വിവരങ്ങള്‍, ജല ലഭ്യത, മഴ വെള്ള സംഭരണം, റേഷന്‍ കാര്‍ഡ് വിവരങ്ങള്‍, പെന്‍ഷന്‍ വിവരങ്ങള്‍ ഉള്‍പെടെയുള്ളവ ശേഖരിക്കും. ഈ വിവരങ്ങളും നേരത്തെ ഡ്രോണ്‍ വഴി ശേഖരിച്ച ഫോട്ടോകളും വിശകലനത്തിന് വിധേയമാക്കി ജിയോടാഗ് സഹിതം ആവശ്യാനുസരണം തിരയാന്‍ സൗകര്യപ്രദമായ വിധത്തില്‍ ഒരു വെബ്പോര്‍ട്ടല്‍ ഒരുക്കുന്ന പദ്ധതിയാണിത്.