കുറ്റ്യാടി: മുപ്പത് ലക്ഷം രൂപ ചെലവിൽ ആരംഭിച്ച നരിപ്പറ്റ പഞ്ചായത്തിലെ കുമ്പള പോല താനിയുള്ള പൊയിൽ കുടിവെള്ള പദ്ധതി അവതാളത്തിലായി. അഞ്ച് വർഷങ്ങൾക്ക് മുൻപ് നിർമാണ പ്രവർത്തനം ആരംഭിച്ച് മൂന്ന് മാസങ്ങൾക്ക് മുമ്പാണ് പദ്ധതിയുടെ പണി തീർന്നത്. ആമ തോടിനടുത്തുള്ള കിണറിൽ നിന്നും കുന്നത്ത് കുന്നിൽ സ്ഥാപിച്ച ടാങ്കിൽ വെള്ളമെത്തിച്ച് പ്രദേശത്തെ മുപ്പത്തിയഞ്ചോളം കുടിവെള്ള ക്ഷാമമനുഭവിക്കുന്ന വീടുകളിലേക്ക് വെള്ളമെത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പണി പൂർത്തിയാക്കി രണ്ട് മാസത്തിന്ന് ശേഷം കുടിവെള്ള വിതരണം നിലയ്ക്കുകയായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. കിണറിൽ നിന്നും ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന നാല് ഇഞ്ച് പൈപ്പും,ടാങ്കിൽ നിന്ന് വീടുകളിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകളും പൊട്ടിയതാണ് വിനയായത്. ജലവിതരണം തുടരാൻ ഉപഭോക്താക്കൾ ആളൊന്നിന് അഞ്ഞൂറ് രൂപയെങ്കിലും എടുക്കണമെന്നാണ് ബന്ധപെട്ട അധികാരികൾ അറിയിച്ചതെന്ന് നാട്ടുകാർ പറയുന്നു. അതേ സമയം പദ്ധതിയുടെ ആരംഭഘട്ടത്തിൽ മുപ്പത്തി അഞ്ച് ഉപഭോക്താക്കളിൽ നിന്നും ആയിരം രൂപ വീതം ഇടാക്കിയിരുന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും നരിപ്പറ്റ ഗ്രാമ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയാണിത്. അശാസ്ത്രീയമായ നിർമാണ രീതികളും,പരിചയം കുറഞ്ഞ നിർമാണ പ്രവർത്തനവുമാണ് പെട്ടെന്ന് പൈപ്പുകൾ തകരാറിലാവാൻ കാരണമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.