വടകര: കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ പ്രവർത്തിച്ച് ലോക നേതാക്കളോട് പോലും പ്രതികരിച്ച് ലോകശ്രദ്ധനേടിയ ഗ്രേറ്റ തുൻബർഗിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വീഡിയോ പ്രദർശനം, പോസ്റ്റർ പ്രചാരണം തുടങ്ങിയവ നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ആയിരുന്നു പരിപാടി. 12 മണിക്ക് പ്രത്യേക മണി മുഴങ്ങിയപ്പോൾ മുഴുവൻ വിദ്യാർത്ഥികളും എഴുന്നേറ്റ് നിന്ന് 'ഗ്രേറ്റയ്ക്ക് ഒപ്പം' 'വി സപ്പോർട്ട് ഗ്രേറ്റ' എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ഇതേ മുദ്രാവാക്യം എഴുതിയ പോസ്റ്ററുകളുമായി ക്യാമ്പസ് മുഴുവൻ പ്രചാരണം നടത്തി. വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ മാർഗ്ഗനിർദ്ദേശം നൽകി. ബായിസ് ഇസ്മയിൽ, ഫാത്തിമ ഷാദിയ, കെ വി വിഷ്ണു, ജിഷാൻ നായർ, റിഫാ ദിയ, ഇർഫാന, നാജിയ ഷഹീൻ, ഇ സി സിദ്ധാർത്ഥ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ പി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. പി പ്രസന്ന, വി ശ്രീമതി, എൻ കേ ഖദീജ തുടങ്ങിയവർ സംസാരിച്ചു.