വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഹരിത കേരള മിഷന്റെ ഹരിത നിയമാവലി ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്കരണം, പരിസര മലിനീകരണം, ജലമലിനീകരണം എന്നിവക്കെതിരെയുള്ള നിലവിലുള്ള നിയമങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിന് വേണ്ടിയാണ് പരീശീലനം സംഘടിപ്പിച്ചത്. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ഹരിത നിയമവലി പ്രഖ്യാപനം നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത ശുചിത്വ വൊളണ്ടിയർമാർക്ക് പഞ്ചായത്ത് തല പരീശീലനം നൽകി. എല്ലാ വാർഡുകളിലും തുടർ പരീശീലനം നൽകും, കച്ചവടക്കാരുടെ യോഗം വിളിച്ച് ചേർത്ത് ഹരിത നിയമങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തും. കൂടാതെ ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ 25 ചോദ്യങ്ങൾ ഉള്ള ചോദ്യാവലി പ്രകാരം ഓരോ വീടും സന്ദർശിച്ച് ശുചിത്വ സർവ്വേ എടുത്ത് ശുചിത്വ മാലിന്യ പരിപാലനത്തിന്റെ അടിസ്ഥാനത്തിൽ വീടുകളെ ഗ്രേഡ് ചെയ്യുന്ന നമ്മുടെ അഴിയൂർ നിർമ്മല അഴിയൂർ പദ്ധതിയുടെ സർവ്വേ ഫോറം യോഗത്തിൽ പരിചയപ്പെടുത്തി. നവംബർ ഒന്നിനകം വീടുകളെ ഗ്രേഡ് ചെയ്ത് ശുചിത്വത്തിൽ പിന്നിലാകുന്ന വീടുകളിലെ ഉടമസ്ഥരെ പങ്കെടുപ്പിച്ച് ശുചിത്വ അസംബളി നടത്തും. പരീശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റീന രയരോത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഹരിത കേരള മിഷൻ റിസോർസ് പേഴ്സൺ പി.ഷംന എന്നിവർ ക്ലാസ്സ് എടുത്തു. അസിസ്റ്റൻറ് സെക്രട്ടറി പി. ജ്യോതിഷ് സ്വാഗതം പറഞ്ഞു.ജനപ്രതിനിധികൾ, വാർഡ്തലത്തിൽ ക്ലാസ്സ് എടുക്കേണ്ടവരും, സർവ്വേ ചെയ്യേണ്ടവരുമായ ശുചിത്വ വളണ്ടിയർമാരും യോഗത്തിൽ പങ്കെടുത്തു.