ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഹരിതകർമ്മ സേനയ്ക്ക് എം എൽ എ പുരുഷൻ കടലുണ്ടിയുടെ വക പിക്കപ്പ് വാൻ ലഭിച്ചു. രണ്ട് വർഷം മുമ്പാണ് പനങ്ങാട് പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നനതിന്റെ ഭാഗമായി വനിതകളെ ഉപയോഗപ്പെടുത്തി ഹരിത കർമ്മ സേന രൂപീകരിച്ചത്. വീടുകളിൽ നിന്ന് പ്ലാസ്റ്റിക് കവറുകളും മറ്റ് അജൈവവസ്തുക്കളും ശേഖരിച്ച് സംസ്കരിക്കുന്നതിനായി പഞ്ചായത്ത് സംഭരണ കേന്ദ്രത്തിലെക്കുന്ന
പ്രവർത്തിയാണ് ഹരിത കർമ്മ സേന നടത്തിയിരുന്നത്. എന്നാൽ ഇത്തരം അസംസ്കൃത വസ്തുക്കളും അജൈവ മാലിന്യങ്ങളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഭരണ കേന്ദ്രത്തിലെത്തിക്കാൻ വാഹന സൗകര്യമില്ലാതെ സേന പ്രയാസപ്പെടുകയായിരുന്നു. പിക്കപ്പ് വാൻ ലഭിച്ചതോടെ പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ കഴിയുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അഞ്ചരലക്ഷം രൂപയാണ് ഇതിനായി മാറ്റി വെച്ചത്.
പനങ്ങാട് പി എച്ച് സി പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പിക് അപ്പ് വാൻ താക്കോൽ കൈമാറ്റം പഞ്ചായത്ത് ഭരണ സമിതിയ്ക്ക് നൽകി എം എൽ എ പുരുഷൻ കടലുണ്ടി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കമലാക്ഷി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ഉസ്മാൻ, ഭരണ സമിതി അംഗങ്ങളായ എൽ വി. വിലാസിനി, പി സി പുഷ്പ, സെക്രട്ടറി ലുഖ്മാൻ, വി.ഇ.ഒ.സിന്ധു ഹെൽത്ത് ഇൻസ്പെക്ടർ ഡോ.അഫ്സൽ എന്നിവർ സംബന്ധിച്ചു.