കോഴിക്കോട്: വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കായി കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ ടാഗോർ സെന്റിനറി ഹാളിൽ ഒരുക്കിയ അദാലത്തിൽ 86 പരാതികൾ പരിഗണിച്ചു. നഗരസഭ പരിധിയിലെ പെൻഷൻ വിതരണം, പുരയിടങ്ങളിലെ മരം മുറിക്കൽ തുടങ്ങിയവ സംബന്ധിച്ചായിരുന്നു 15 പരാതികൾ. ഇതിൽ അഞ്ചെണ്ണത്തിൽ പരിഹാരമായി. ബാക്കിയുള്ളവ തുടർനടപടികൾക്കായി മാറ്റി.

സാമൂഹ്യ സുരക്ഷാ മിഷൻ, വയോമിത്രം, ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു അദാലത്ത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കർശനനടപടിയുണ്ടാവുമെന്നു മേയർ പറഞ്ഞു.

ചടങ്ങിൽ സബ് ജഡ്ജ് എ.വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജ് കൃഷ്ണൻകുട്ടി, ക്ഷേമകാര്യസമിതി സ്റ്റാന്റിംഗ് ചെയർപേഴ്‌സൺ അനിത രാജൻ, നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി.അനിൽ കുമാർ, കോർപ്പറേഷൻ വയോജന അപ്പെക്‌സ് കമ്മിറ്റി പ്രസിഡന്റ് ടി.ദേവി, സെക്രട്ടറി കെ.കെ.സി.പിള്ള, വയോമിത്രം കോ ഓർഡിനേറ്റർ കെ.സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.