കോഴിക്കോട്: ശ്രീ അഴകൊടി ദേവി മഹാക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാവും. ഒക്ടോബർ എട്ട് വരെ നീളു ന്ന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പാടേരി സുനിൽ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിക്കും.

മഹോത്സവത്തോടനുബന്ധിച്ച് ഭക്തിഗാനസുധ, നൃത്തനൃത്യങ്ങൾ, പുരാണനാടകം തുടങ്ങിയവ ക്ഷേത്രത്തിലെ ഓപ്പൺ സ്റ്റേജിൽ അരങ്ങേറും. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് നവമി നാളിൽ സമാപനച്ചടങ്ങിൽ സമ്മാനം നൽകും.

അഞ്ചിന് വൈകിട്ട് നാലിന് പൂജവെപ്പ് തുടങ്ങും. വിജയദശമി ദിനത്തിൽ രാവിലെ 8.30ന് കുട്ടികളെ എഴുത്തിനിരുത്തും.

പുതിയ ഊട്ടുപുര

ഉദ്ഘാടനം ഇന്ന്

ക്ഷേത്രത്തിൽ

പുതിയ ഊട്ടുപുര ഉൾപ്പെടെ പൂർത്തീകരിച്ച നിർമ്മാണപ്രവൃത്തികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.പി. ശ്രീനിവാസൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഗ്രശാല, തിടപ്പള്ളി, തിരുമുറ്റം കരിങ്കൽ പതിക്കൽ, സ്റ്റേജ് നവീകരണം, സി.സി.ടി.വി സ്ഥാപിക്കൽ എന്നിവയാണ് മറ്റു പ്രവൃത്തികൾ.

രാവിലെ 11ന് മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ കെ. മുരളി ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ടി.വി. ലളിതപ്രഭ മുഖ്യാതിഥിയാകും. ക്ഷേത്രം തന്ത്രിമാരായ പാതിരിശ്ശേരി ശങ്കരൻ നമ്പൂതിരിപ്പാടും പാടേരി സുനിൽ നമ്പൂതിരിപ്പാടും സംബന്ധിക്കും.

വാർത്താസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് അംഗങ്ങളായ എ. രാജരത്നം, ദിനേശ് ഇടോളിക്കണ്ടി, എക്സിക്യൂട്ടിവ് ഓഫീസർ എം. രാജേഷ്, നവരാത്രി ആഘോഷകമ്മിറ്റി പ്രസിഡന്റ് ഇ.കെ.രാജഗോപാലൻ നായർ, സെക്രട്ടറി ആർ. മുരളീധരൻ, പബ്ലിസിറ്റി കൺവീനർ പി.കെ. ലക്ഷ്മിദാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.