ബാലുശ്ശേരി: അല്ലെങ്കിൽ തന്നെ ഇടുങ്ങിയ റോഡാണ് ഇയ്യാട് അങ്ങാടിയിലേത്. മറവിൽ തിരിവ് സൂക്ഷിക്കുക എന്നോണം വരുന്ന വളവിൽ വെള്ളക്കെട്ട് നിറഞ്ഞ പാതാളക്കുഴി കൂടിയായാലോ ?.
ഇതുവഴിയുള്ള ബസ്സുകളടക്കമുള്ള വാഹനങ്ങൾക്കും കാൽനടക്കാർക്കുമെ്ലലാം തീരാത്ത പൊല്ലാപ്പായി തീർന്നിരിക്കുകയാണ് ഈ അപകടക്കെണി. ഇരുചക്രവാഹനക്കാർ കുഴിയിൽ കുടുങ്ങി വീഴുന്നത് നിത്യസംഭവമായിരിക്കുകയാണ്.
ബസ്സോ ലോറിയോ പോകുമ്പോൾ കാൽനടക്കാർക്ക് ചാഞ്ഞും ചെരിഞ്ഞും വേണം മാറി നിൽക്കാൻ. അത്രപോലും സ്ഥലമില്ല. മഴ തീർത്തും വിടാത്തതിനാൽ പാതാളക്കുഴിയിൽ വെള്ളക്കെട്ട് ഒഴിഞ്ഞ നേരം അപൂർവം. വലിയ വണ്ടികളുടെ മരണപ്പാച്ചിലിനിടെ പരിസരത്തു കൂടി കടന്നുപോകുന്നവർക്കെല്ലാം ചെളിയഭിഷേകം ഉറപ്പ്. രാവിലെ ഇങ്ങനെ പെട്ടുപോകുന്ന വിദ്യാർത്ഥികളടക്കം പലർക്കും വസ്ത്രം മാറാൻ വീട്ടിലേക്ക് തിരിച്ചുപോകേണ്ടി വരാറുണ്ട്.
അശാസ്ത്രീയമായ ടാറിംഗ് പ്രവൃത്തിയാണ് ഇവിടെ റോഡ് ഇങ്ങനെ തകരാരാനിടയാക്കിയതെന്ന് കച്ചവടക്കാരും നാട്ടുകാരും പറയുന്നു. അങ്ങാടിയിൽ റോഡിന്റെ രണ്ട് അറ്റവും ഉയർന്നാണ് നില്പ്. വളവിൽ താഴ്ന്ന നിലയിലും. ഒരു ചെറിയ മഴ പെയ്താൽ മതി. വളവിൽ വെള്ളക്കെട്ടാകും. അതുകൊണ്ടു തന്നെ ഈ ഭാഗത്ത് ടാറും മെറ്റലും അടർന്ന് വലിയ കുഴി രൂപപ്പെടുകയാണ്. ഇയ്യാട് സി.സി.യു.പി.സ്കൂൾ, ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂൾ, എം.ഐ.യു.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ നിത്യേന നടന്നുപോകുന്ന വഴിയാണിത്. ഏതാണ്ട് 15 ബസ്സുകൾ അൻപതിൽ പരം ട്രിപ്പുകൾ നടത്തുന്നുണ്ട് .
അപകടങ്ങൾ പതിവായിട്ടും പൊതുമരാമത്ത് വകുപ്പുകാരുടെ ഭാഗത്തു നിന്ന് ഒരു അനക്കവുമില്ലെന്നായപ്പോൾ നാട്ടുകാർ പ്രതിഷേധസൂചകമായി പാതാളക്കുഴിയിൽ വാഴ നട്ടിരിക്കുകയാണ്.
ഇനിയെങ്കിലും ടാറിംഗ് നടത്തുമ്പോൾ ആദ്യം ഈ ഭാഗത്ത് വലിയ കല്ലുകളിട്ടോ ക്വാറി വേസ്റ്റ് നിരത്തിയോ ഉയർത്താതെ പറ്റില്ലെന്ന് അവർ പറയുന്നു. അങ്ങാടിയിലെ മാത്രം സ്ഥിതിയല്ല റോഡിന്റെ തകർച്ച. ഇയ്യാട് സി.സി.യു.പി സ്കൂളിനു സമീപം റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. അവിടെ സ്കൂൾ ജംഗ്ഷനിലെ ഏഴുകുളം നന്മണ്ട റോഡ് തുടങ്ങുന്ന ഭാഗത്തു ഉറവു വെള്ളം പൊങ്ങി റോഡിലൂടെ പരന്നൊഴുകുകയാണ്. പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാൻ ഇവിടെ ഒരു കലുങ്ക് പണിയാതെ പറ്റില്ല. മൊകായിക്കൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടൽ എകരൂൽ, വള്ളിയോത്ത് ഭാഗങ്ങളിൽ നിരന്തരം സംഭവിക്കുമ്പോൾ റോഡ് പലയിടത്തും തകരുകയാണ്. എകരൂൽ - ഇയ്യാട് - വീര്യമ്പ്രം റോഡിലൂടെയുള്ള ബസ് യാത്ര പോലും സാഹസമായി മാറിയിട്ടുണ്ട് ജനത്തിന്.