വൈക്കിലശ്ശേരി: ക്ലാസ് മുറിയിൽ പഠിക്കുന്ന മൂല്യങ്ങൾ മനസ്സിരുത്തി പ്രയോഗിക്കാൻ കൂടിയുള്ളതാണെന്ന മാതൃക തീർക്കുകയായിരുന്നു അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളായ സോനയും ആൻലിയയും. നടന്നുപോകുന്നതിനിടെ വഴിയിൽ കളഞ്ഞുകിട്ടിയ മൂന്നു പവന്റെ സ്വർണമാല രക്ഷിതാക്കൾ മുഖേന ഉടമയ്ക്ക് കൈമാറി സത്യസന്ധതയുടെ തെളിച്ചം പടർത്തുകയായിരുന്ന വൈക്കിലശ്ശേരി യു.പി സ്കൂളിലെ ഈ കുട്ടികൾ. കൂടത്തിൽ വിജയൻ്റെ മകളാണ് സോന. കൂട്ടുകാരി ആൻലിയ വേളിയാമ്പ്രത്ത് മീത്തൽ ലിജേഷിൻ്റെ മകളും. വിമുക്തഭടൻ വൈക്കിലശ്ശേരി ഹരിശ്രീ നിലയത്തിൽ കൂടത്തിൽ മണികണ്ഠൻറെ മൂന്നു പവന്റെ മാല നഷ്ടപ്പെട്ടത് കഴിഞ്ഞ ശനിയാഴ്ച പ്രഭാതസവാരിയ്ക്കിടെയാണ്. മാല കളഞ്ഞുപോയ വിവരം സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നതിനിടെയാണ് കുട്ടികൾക്ക് മാല കിട്ടുന്നത്. ഇരുവരും ഉടനെ രക്ഷിതാക്കളെ വിവരമറിയിച്ചു. വൈകാതെ ഉടമയെ കണ്ടെത്തി മാല തിരിച്ചേല്പിക്കാനുമായി. സോനയെയും ആൻലിയയെയും സ്കൂൾ അസംബ്ലിയിൽ വെച്ച് ആദരിച്ചു. വാർഡ് മെമ്പർ ബാലകൃഷ്ണൻ ഉപഹാരങ്ങൾ നൽകി. ഹെഡ്മിസ്ട്രസ് മോളി സുഷമ, രാജീവൻ എന്നിവർ സംസാരിച്ചു.