vhcls

ചങ്ങനാശേരി: വാഴൂർ റോഡിൽ നിന്നു മാർക്കറ്റ് റോ‌ഡിന് ഇരുവശവും പിടിച്ചെടുത്ത വാഹനങ്ങൾ നിറഞ്ഞതിനാൽ ഇതുവഴി കാൽനടയാത്ര ദുഷ്‌കരമാകുന്നു. പൊലീസ് സ്റ്റേഷന് മുൻവശത്ത് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന അപകടങ്ങളിൽ തകർന്ന വാഹനങ്ങളിൽ പലതും തുരുമ്പെടുത്ത് നശിക്കുകയാണ്. ചങ്ങനാശേരി മാർക്കറ്റ്, മെത്രാപ്പൊലീത്തൻപള്ളി, സെന്റ് ജോസഫ്‌സ് സ്‌കൂൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേയ്ക്ക് നിരവധി ആളുകൾ യാത്ര ചെയ്യുന്ന റോഡരികിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ കാൽനടയാത്രികരാണ് ഏറെ പ്രയാസപ്പെടുന്നത്. ഇതുകൂടാതെ റോഡിന്റെ ഇരുവശത്തും നടപ്പാത കൈയ്യേറിയുള്ള അനധികൃത വാഹന പാർക്കിംഗും ഇവിടെ രൂക്ഷമാണെന്ന് പരാതിയുണ്ട്. നടപ്പാതകൾ കൈയ്യേറുന്നതിനാൽ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് കാൽനടക്കാർ. ഇത് ഏറെ അപകടസാദ്ധ്യതയാണ് ഉയർത്തുന്നത്. സ്‌കൂൾ സമയങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും റോഡിൽ ഗതാഗതകുരുക്കും രൂക്ഷമാണ്.

പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ മറ്റ് സ്ഥലമില്ലാത്തതിനാലാണ് റോഡരികിൽ ഇത്തരത്തിൽ വാഹനങ്ങൾ സൂക്ഷിക്കുന്നത്. നഗരസഭയുടെ കീഴിലുള്ള ഉപയോഗ ശൂന്യമായികിടക്കുന്ന സ്ഥലത്ത് പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കുമെന്നു പല തവണ യോഗങ്ങളിൽ തീരുമാനം ഉണ്ടായെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
റോഡിലെ അനധികൃത വാഹനപാർക്കിംഗ് ഒഴിവാക്കുന്നതിനും പൊലീസ് സ്റ്റേഷനു മുൻവശത്തെ വാഹനങ്ങൾ നീക്കി കാൽനടയാത്ര എളുപ്പമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.