കോട്ടയം : കാടും മലയും വനവും പുഴയുമൊക്കെ മാനവരാശിയുടെ നിലനില്പിന് ആവശ്യമാണെന്ന സന്ദേശം നൃത്താവിഷ്കാരമായി അരങ്ങിലെത്തിക്കുകയാണ് കാലടി ശ്രീശങ്കര സ്‌കൂൾ ഒഫ് ഡാൻസിലെ കലാകാരികൾ. പ്രകൃതിചൂഷണത്തിനെതിരെ ബോധവത്ക്കരണം ലക്ഷ്യമിട്ടുള്ള 'ഹരിത സ്വപ്നമെന്ന' നൃത്താവിഷ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന എം.ജി സർവകലാശാല റിക്രിയേഷൻ ക്ലബിന്റ ഓണാഘോഷപരിപാടിയിൽ ആദ്യമായി അവതരിപ്പിക്കും.
അദ്ധ്യാപികമാരായ അമൃത സുരേഷ്, അനില ജോഷി, എൻ.എസ്.പ്രതിഭ, സീതാലക്ഷ്മി, മീനാക്ഷി, ശ്രീക്കുട്ടി മുരളി, അഞ്ജന പി.സത്യൻ, രഹന നന്ദകുമാർ, ഗോപീകൃഷ്ണ, ദിവ്യ ഷാജി, സീനിയർ കലാകാരികളായ മീനു സജീവ്, മാളവിക, ജെസ്നി വറുഗീസ്, രാധിക എസ്.കൃഷ്ണൻ, ആദിത്യ, അഖില സലീം, പാർവതി ഷാജി, അനുശ്രീ എന്നിവരാണ് ചിലങ്ക അണിയുക. മനുഷ്യന്റെ ചൂഷണംകൊണ്ട് നാമാവശേഷമായ പ്രകൃതിയുടെ വിവിധ ദൃശ്യങ്ങൾ അരങ്ങിലെത്തും. പ്രകൃതി ചൂഷണത്തിനൊപ്പം വായു,ജലമലിനീകരണം തടയണമെന്നും ഭൂമിയെ വരുംതലമുറക്കായി സംരക്ഷിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്ന ഓർമപ്പെടുത്തലുമാണ് നൂതാനാവിഷ്കാരം. ബോധവത്ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നൃത്താവിഷ്കാരം അവതരിക്കണമെന്നാണ് ആഗ്രഹമെന്ന് സ്‌കൂളിലെ നൃത്താദ്ധ്യാപകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഓണ സന്ദേശം പകർന്നു കാണ്ടുള്ള 'കൈരളിക്കൊരു കലാഞ്ജലി', സ്ത്രീ വിമോചനത്തിെന്റ സന്ദേശം പ്രചരിപ്പിക്കുന്ന രാജീവ് ആലുങ്കലിന്റെ 'കണ്ണകി', യോഗയും നൃത്തവും സമന്വയിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ 'കുണ്ഡലിനിപ്പാട്ട്' എന്നീ നൃത്താവിഷ്‌കാരങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. ഡോ.സി.പി.ഉണ്ണിക്കൃഷ്ണനാണ് രചനയും സംവിധാനവും സാങ്കേതിക സഹായവും നിർവഹിച്ചിരിക്കുന്നത്.