കോട്ടയം: ഓണത്തിന് മുമ്പ് ആലപ്പുഴ ബോട്ട് സർവീസ് കോടിമതയിൽ നിന്ന് പുനരാരംഭിക്കാമെന്ന് ജലഗതാഗത വകുപ്പ്. അതിന് ബോട്ട് ചാലിലെ അനധികൃത പാലങ്ങളുടെ തകരാർ പരിഹരിക്കണം. കോട്ടയം നഗരസഭയുടെ കനിവുണ്ടെങ്കിലേ അതു നടക്കൂ.

സർവീസ് തുടങ്ങാൻ ജലഗതാഗത വകുപ്പ് സജ്ജമാണ്. കനാലിലെ പോളയും മറ്റും നീക്കംചെയ്തു. ഇനി കാഞ്ഞിരത്തിനും കോടിമതയ്ക്കും ഇടയിൽ കൊടൂരാറിന് കുറുകെയുള്ള നടപ്പാലങ്ങളുടെ തകരാറാണ് പരിഹരിക്കേണ്ടത്. രണ്ട് കിലോമീറ്ററിനിടെ രണ്ട് കോൺക്രീറ്റ് മേൽപ്പാലങ്ങൾ കൂടാതെയാണ് 5 പൊക്കുപാലങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ചുങ്കത്ത് മുപ്പതിൽ എം.എൽ. എ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ഇരുമ്പുപാലം ഒഴികെ മറ്റ് നാലെണ്ണവും അംഗീകാരമില്ലാത്തതാണ്.

കാഞ്ഞിരം ജെട്ടിയിലെ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് കൊടുരാറ്റിലൂടെയുള്ള ബോട്ട് സർവീസ് താൽക്കാലികമായി നിറുത്തിവച്ചതോടെ 5 പൊക്കുപാലങ്ങളും കിടപ്പിലായി. പിന്നീട് ഉയർത്താനാവാത്തവിധം നടുവൊടിയുകയും ചെയ്തു. ചുങ്കത്ത് മുപ്പതിലെ ഇരുമ്പ് പാലം യന്ത്രസഹായത്തോടെയും മറ്റുള്ളവ മനുഷ്യപ്രയത്നത്തിലൂടെയുമാണ് ഉയർത്തിയിരുന്നത്. ബോട്ട് സർവീസ് പുനരാരംഭിക്കാൻ വേണ്ടി നഗരസഭ മുൻകൈ എടുത്ത് ഇരുമ്പുപാലത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്തെങ്കിലും നാട്ടുകാർ നിർമ്മിച്ച നാല് അനധികൃത പാലങ്ങളുടെ കാര്യം പരിഗണിച്ചിട്ടില്ല.

കനാലിനും കുറുകെ പാലം നിർമ്മിക്കണമെങ്കിൽ ജലസേചനവകുപ്പും നഗരസഭയും അനുമതി നൽകണം. ഇവിടെ അനുമതി നൽകിയിട്ടില്ലെന്ന് മാത്രമല്ല, അനധികൃതമായി നിർമ്മിച്ചിട്ടും മാനുഷീക പരിഗണന വച്ച് നടപടി എടുത്തുമില്ല. ഇപ്പോൾ നാടിന്റെ പൊതുവായ വികസനത്തിന് തടസമായി മാറിയ പാലങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് നഗരസഭയാണ്. നടുവൊടിഞ്ഞുകിടക്കുന്ന പാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തി ജലപാത തുറക്കുകയെന്നതാണ് നാട്ടുകാർ ആഗ്രഹിക്കുന്ന പരിഹാരം.

കോടിമതയിൽ നിന്ന് സർവീസ് നടത്തിയിരുന്നപ്പോൾ 12,000രൂപ പ്രതിദിന വരുമാനം ഉണ്ടായിരുന്ന ബോട്ട് സർവീസ് കാഞ്ഞിരം ജെട്ടിയിലേക്ക് മാറ്റിയപ്പോൾ ജലഗതാഗത വകുപ്പിന് കിട്ടിയിരുന്ന വരുമാനം മൂന്നിലൊന്നായി കുറഞ്ഞു.

കോട്ടയം- ആലപ്പുഴ ജലപാത

 രാജഭരണകാലം മുതൽ നിലവിലുള്ളത്

 2 ജില്ലകളെ ബന്ധിപ്പിക്കുന്ന ജലമാർഗം

വിനോദസഞ്ചാരരംഗത്ത് സഹായകം

 ജലഗതാഗതവകുപ്പിന്റെ വരുമാനമാർഗം

രാവിലെ 6.45നും വൈകിട്ട് 5.15നും ഇടയിൽ 14 സർവീസുകൾ

ടിക്കറ്റ് നിരക്ക് 18 രൂപ

ചുങ്കത്ത് മുപ്പതിൽ തകരാറിലായിരുന്ന ഇരമ്പുപാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് മറ്റ് നാല് പാലങ്ങളുടെ കാര്യംകൂടി നഗരസഭയുടെ ശ്രദ്ധയിൽ വന്നത്. അടിയന്തരമായി കേടുപാടുകൾ പരിഹരിക്കാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് ജലപാതയിലെ തടസം നീക്കാനാകുമെന്നാണ് പ്രതീക്ഷ.

- ഡോ. പി.ആർ. സോന, ചെയർപേഴ്സൺ, കോട്ടയം നഗരസഭ