highway-police
ദേശീയപാതയോരത്തെ ഈറ്റയും മുൾപ്പടർപ്പും വെട്ടി നീക്കുന്ന അടിമാലി ഹൈവേ പൊലീസ്

അടിമാലി: ദേശിയ പായോരത്ത് ഗതാഗത തടസമായി നിന്ന ഈറ്റയും മുൾപ്പടർപ്പുകളും അടിമാലി ഹൈവേ പൊലീസ് വെട്ടി നീക്കി. ദേശീയപാത 85ൽ നേര്യമംഗലം മുതൽ അടിമാലി വരെയുള്ള ഭാഗത്ത് പാതയിലേക്ക് ചാഞ്ഞ് നിന്നിരുന്ന ഈറ്റയും മുൾപടർപ്പുകളും കുറ്റിക്കാടുകളുമാണ് നീക്കിയത്. മഴയെ തുടർന്ന് കാടും പടർപ്പും ദേശപാതയിലേക്ക് ചാഞ്ഞ് യാത്രികരുടെ കാഴ്ചമറയ്ക്കുന്ന അവസ്ഥയിലായിരുന്നു. ഓണക്കാലമാകുന്നതോടെ ദേശീയപാതയിൽ തിരക്കേറുമെന്നതിനാൽ അടിമാലി സി.ഐ പി.കെ. സാബുവിന്റെ നിർദ്ദേശ പ്രകാരം കാടുവെട്ടി നീക്കാൻ തീരുമാനിക്കുകയായിരുന്നു. ദേശീയപാതയുടെ വീതി കുറവിനൊപ്പം ഈറ്റയും മുൾപ്പടർപ്പുകളും ചാഞ്ഞ് കിടന്നിരുന്നത് പലപ്പോഴും ശിഖരങ്ങളിൽ തട്ടി വാഹനങ്ങളുടെ കണ്ണാടിയും ഗ്ലാസും പൊട്ടുകയും ചെയ്തിരുന്നു. ദേശീയപാതയിലെ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടു കൂടിയാണ് ഹൈവേ പൊലീസിന്റെ നടപടി. എ.എസ്‌.ഐ ടി.പി. ജൂഡി, സി.പി.ഒമാരായ ടിൻസ്, അജിസ് എന്നിവരുടെ നേതൃത്വത്തിലാണ് സേവനപ്രവർത്തനം നടത്തിയത്.