wheelchair

പൂഞ്ഞാർ : ബാല്യത്തിൽ പിടിപെട്ട ആമവാതം കാലുകളെ തളർത്തിയെങ്കിലും മനസിന്റെ ഇച്ഛാശക്തികൊണ്ട് പൊരുതി ജിവിക്കുന്ന പെൺകുട്ടിക്ക് അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ സഞ്ചാരസഹായി. ചേന്നാട് കൊണ്ടാട്ടുകുന്നേൽ ദേവരാജന്റെ മകൾ അർച്ചനയ്ക്കാണ് (22) 1.33 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് വീൽ ചെയർ സമ്മാനിച്ചത്. രണ്ടാം ക്ലാസിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ടിവന്ന അർച്ചന വീട്ടിലിരുന്ന് ടി.വി, മൊബൈൽ ആപ്പ് എന്നിവയുടെ സഹായത്തോടെ ഹിന്ദിയും ഇംഗ്ലീഷും പഠിച്ച് കൊച്ചുകുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്. ഇന്നലെ പൂഞ്ഞാർ കെട്ടിടം പറമ്പിൽ നടന്ന ചടങ്ങിൽ അഭയം ട്രസ്റ്റ് ചെയർമാൻ വി.എൻ.വാസവൻ അർച്ചനയ്ക്ക് വീൽച്ചെയർ സമ്മാനിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ഷിബുകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.എസ്. അജയൻ, എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം വി.വി. ജോസ്, പി.പി.ബാബു, കെ.ജെ. ജോയി എന്നിവ‌ർ സംബന്ധിച്ചു. അഭയം ജില്ല ഗവേണിംഗ് ബോഡി അംഗം ബി. രമേഷ് സ്വാഗതവും ജസ്റ്റിൻ എബ്രഹാം നന്ദിയും പറഞ്ഞു.