കോട്ടയം: മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്രോത്സവസീസണ് തുടക്കം കുറിച്ചുകൊണ്ട് അയ്മനം ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിൽ നാളെ കൊടിയേറും. ഓണക്കാലത്തെ ചിത്തിര നാളിൽ കൊടിയേറി ഉത്രാടം നാളിൽ ആറാട്ടോടെ കൊടിയിറക്കും, അടുത്തദിവസം തിരുവോണം തൊഴീലുമായി വിശേഷപ്പെട്ട പരിപാടികളോടെയാണ് ഉത്സവപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

നാളെ വൈകിട്ട് 5ന് ഒളശ സനൽകുമാറും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തോടെ പരിപാടികൾക്ക് തുടക്കമാകും. 6.30ന് കടിയക്കോൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് ദീപാരാധന, സാംസ്കാരിക സമ്മേളനം എന്നിവയും നടക്കും. മേൽശാന്തി പ്രേംശങ്കർ നമ്പൂതിരി, കീഴ്ശാന്തി പ്രസാദ് നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിക്കും.

തോമസ് ചാഴിക്കാടൻ എം.പി. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ്. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിക്കും. സിനിമാതാരം ഗിന്നസ് പക്രു കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. കെ. സുരേഷ് കുറുപ്പ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. ഡോ. പി.ആർ. കുമാർ ധനസഹായ വിതരണം നടത്തും. യോഗക്ഷേമസഭ പ്രസിഡന്റ് നാരായണൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിക്കും. ഉപദേശക സമിതി സെക്രട്ടറി എം.എം. രഘു സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ഡി. പ്രസന്നൻ നന്ദിയും പറയും. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിസങ്ങളിലും വിശേഷാൽ പൂജകൾ കലാപരിപാടികൾ എന്നിവ നടക്കും.

എല്ലാദിവസവും ഗണപതിഹോമം, വിശേഷാൽ പൂജകൾ രാവിലെ 5.00ന്, രാവിലെ 8.30ന് ശ്രീബലി, ഉച്ചയ്ക്ക് 1.30ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 9ന് കൊടിക്കീഴിൽ വിളക്ക്/ വലിയവിളക്ക്. ആറാം ഉത്സവദിവസം വൈകിട്ട് 6ന് ദേശവിളക്ക്, ഏഴാം ദിവസം വൈകിട്ട് 5ന് കാഴ്ചശ്രീബലി, പള്ളിനായാട്ട് രാത്രി 1.30ന്, ആറാട്ട് ദിവസം രാവിലെ 7.30ന്, പള്ളിക്കുറുപ്പ് ഉണർത്തൽ, സെപ്തംബർ 10ന് ഉച്ചക്ക് 1.00ന് ഉത്രാടസദ്യ, എട്ടാം ദിവസം വൈകിട്ട് 5 മുതൽ ആറാട്ട്, തിരുവോണം തൊഴീൽ 11ന് രാവിലെ 7.30ന്.

കലാപരിപാടികൾ: രണ്ടാംദിവസം ( സെപ്തംബർ 2ന്) വൈകിട്ട് 5 മുതൽ, സംഗീതകച്ചേരി, തിരുവാതിര, കീബോർഡ് ഫ്യൂഷൻ, മൂന്നാം ദിവസം വൈകിട്ട് 3.30ന് കഥകളി (മേജർസെറ്റ്), നാലാം ദിവസം രാവിലെ 11ന് നാരായണീയം, വൈകിട്ട് 5ന് തിരുവാതിര, ആനന്ദനടനം, ഗാനസന്ധ്യ. അഞ്ചാം ദിവസം വൈകിട്ട് 5 മുതൽ ചാക്യാർകൂത്ത്, പുറപ്പാട്, നൃത്തം, കഥകളി. ആറാം ദിവസം രാവിലെ 11ന് സാമ്പ്രദായ ഭജൻസ്, വൈകിട്ട് 4.30ന് സംഗീതകച്ചേരി, ജുഗൽബന്ധി, കഥകളിപദ കച്ചേരി. ഏഴാം ദിവസം രാത്രി 10.30ന് നാടൻപാട്ടും കളിയരങ്ങും. ആറാട്ട് ദിവസം വൈകിട്ട് 4ന് പിന്നൽ തിരുവാതിര , പഞ്ചവാദ്യം, പാണ്ടിമേളം, രാത്രി 8ന് നാദസ്വരകച്ചേരി, 10ന് ഗാനമേള. തിരുവോണനാളിൽ രാവിലെ 9ന് കരോക്കെ ഗാനമേള.