പാലാ : 'ദേ .... സാറന്മാരെ ഒരു കാര്യം.... ഞങ്ങൾക്ക് നേരാം വണ്ണം സീബ്രാലൈനിലൂടെ റോഡ് കുറുകെ കടക്കാനുള്ള സൗകര്യമൊന്ന് ഉണ്ടാക്കിത്തരണം പ്ലീസ്. പാലാ ടൗണിൽ ദിവസേന എത്തുന്ന ആയിരക്കണക്കിനു കാൽ നടയാത്രക്കാരുടെ ഈ പരിദേവനം പാലാ ട്രാഫിക്ക് പൊലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും കേൾക്കാതെ പോകരുത്. ഇക്കാര്യത്തിൽ അത്രയ്ക്കുണ്ട് ബുദ്ധിമുട്ട്.

വാഹനങ്ങൾ ചീറിപ്പാഞ്ഞ് വരുമ്പോൾ ജീവൻ മുറുകെ പിടിച്ചാണ് മറുകരയെത്തുന്നത്. സീബ്രാലൈനുകളുണ്ടെങ്കിലും നല്ല നേരം നോക്കണം അപ്പുറമൊന്നുമെത്താൻ. സീബ്രാലൈനിൽ ഒരാൾ കാലെടുത്തു വച്ചാൽ വാഹനങ്ങൾ നിറുത്തിക്കൊടുക്കണമെന്ന നിയമം ഏട്ടിലേയുള്ളൂ. പാലായിലെ വാഹനങ്ങൾക്കിത് ബാധകമല്ല. സംശയമുണ്ടെങ്കിൽ ഈ വാർത്തയോടൊപ്പമുള്ള ചിത്രങ്ങളൊന്നു ശ്രദ്ധിക്കൂ. പാലാ ടൗൺ ബസ് സ്റ്റാൻഡിനു മുൻവശമുള്ള സീബ്രാലൈനാണിത്. ദിവസേന ആയിരക്കണക്കിനു യാത്രക്കാർ അങ്ങോട്ടുമിങ്ങോട്ടും കടക്കുന്ന ഏറ്റവും തിരക്കേറിയ നഗരഭാഗങ്ങളിലൊന്ന്. ഇന്നലെ വൈകിട്ട് യാത്രക്കാർ റോഡ് കുറുകെ കടക്കാനായി സീബ്രാലൈനിന്റെ കാൽ ഭാഗത്തോളം കടന്നു. പാഞ്ഞു വന്ന ഒരു വെള്ള കാർ , കാൽനടയാത്രക്കാരെ 'മൈൻഡ് ' ചെയ്യാതെ പാഞ്ഞു പോകുന്നു, മുട്ടി മുട്ടിയില്ല എന്ന മട്ടിൽ.
ഇത് ടൗൺ ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള സീബ്രാലൈനിലെ മാത്രം കാഴ്ചയല്ല. ജനറൽ ആശുപത്രി ജംഗ്ഷൻ, കുരിശുപള്ളി ജംഗ്ഷൻ, സ്റ്റേഡിയം ജംഗ്ഷൻ, ളാലം പാലം ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുൻവശം എന്നിവിടങ്ങളിലെയെല്ലാം സീബ്രാലൈനുകളിലൂടെ റോഡ് കുറുകെ കടക്കുന്ന കാൽനടയാത്രക്കാർ ഓരോ നിമിഷവും അപകടം മുന്നിൽക്കണ്ട് ഭീതിയോടെയാണ് റോഡിന്റെ മറുവശത്തേക്ക് ഓടി രക്ഷപ്പെടുന്നത്. തിരക്കേറിയ രാവിലെയും, വൈകിട്ടും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് ചില്ലറയല്ല. ചുരുക്കം ചില സീബ്രാലൈനുകളിൽ മാത്രം ട്രാഫിക്ക് പൊലീസിന്റെ സഹായം ഉണ്ട് എന്നതാണ് അല്പമെങ്കിലും ആശ്വാസം .

ഇവിടെ പെടാപ്പാട് തന്നെ

ജനറൽ ആശുപത്രി ജംഗ്ഷൻ

കുരിശുപള്ളി ജംഗ്ഷൻ

സ്റ്റേഡിയം ജംഗ്ഷൻ

ളാലം പാലം ജംഗ്ഷൻ

ട്രാൻ.സ്റ്റാൻഡിന് മുൻവശം