പാലാ : സെന്റ് തോമസ് കോളേജിൽ വച്ച് നടന്ന ബിഷപ്പ് വയലിൽ ട്രോഫിക്ക് വേണ്ടിയുള്ള ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബാൾ ടൂർണമെന്റിൽ വനിതാവിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ് ജേതാക്കളായി. ഫെനലിൽ പാലാ അൽഫോൻസാ കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റിന് അസംപ്ഷൻ പരാജയപ്പെടുത്തി. ബെസ്റ്റ് സെറ്ററായി അസംപ്ഷൻ കോളേജിലെ നിക്‌സിയും, മികച്ച ലിബറോ ആയി അൽഫോൻസായിലെ സുഷമയും ടൂർണ്ണമെന്റിലെ മികച്ച വനിതാ താരമായി അസംപ്ഷനിലെ വീണയും തിരഞ്ഞെടുക്കപ്പെട്ടു.
പുരുഷവിഭാഗത്തിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് പാലാ സെന്റ് തോമസിനെ പരാജയപ്പെടുത്തി ട്രോഫി നേടി. മികച്ച സെറ്ററായി സെന്റ് തോമസിലെ റിതുരാജും, മികച്ച ലിബറോ ആയി ഷിബിനും, മികച്ച താരമായി പത്തനാപുരത്തിലെ രാഹുലും തിരഞ്ഞെടുക്കപ്പെട്ടു. വനിതാവിഭാഗം ജേതാക്കൾക്ക് സംസ്ഥാന വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് ചാർളി ജേക്കബും, പുരുഷവിഭാഗം ജേതാക്കൾക്ക് ബി.പി.സി.എൽ ജനറൽ മാനേജരും അർജുന അവാർഡ് ജേതാവുമായ ജോർജ് തോമസും ട്രോഫികൾ വിതരണം ചെയ്തു.