ഉദയനാപുരം : വർഷങ്ങളായി പോളയും പായലും പുല്ലും വളർന്നു തിങ്ങി നീരൊഴുനിലച്ച നേരേ കടവ് തോട് തൊഴിലുറപ്പു തൊഴിലാളികളുടെ കഠിനശ്രമത്താൽ മാലിന്യവിമുക്തമാകുന്നു. ഉദയനാപുരം പഞ്ചായത്തിലെ 15, 16, 17 വാർഡുകളിലൂടെ കടന്നുപോകുന്ന തോടിന്റെ 15, 16 വാർഡുകളിലെ ഭാഗങ്ങളാണ് 22 ഓളം തൊഴിലാളികൾ അഞ്ചു ദിവസങ്ങളോളം അക്ഷീണ യത്‌നം നടത്തി മാലിന്യം നീക്കി ശുചീകരിച്ചത്. ഇനി വേമ്പനാട്ടുകായലോരം വരെ നീളുന്ന 17ാം വാർഡിലെ ഭാഗങ്ങളിലെ പോളയും പായലും പടർപ്പും നീക്കി ആഴം കൂട്ടിയാലെ തോട്ടിലെ നീരൊഴുക്കു സുഗമമാകൂ.വാർഡുമെമ്പർ ഗിരിജ പുഷ്‌കരന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളായ കാർത്തിക പാപ്പു, വിനോദനി, ദീപ , രാധ, ശാന്ത കൗങ്ങാച്ചാലിൽ, സരോജിനി, സോമൻ,ദാമോദരൻ തുടങ്ങിയവരാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഉദയനാപുരം പനമ്പുകാട് ഭാഗത്തു കൂടി ഒഴുകി വേമ്പനാട്ടു കായലിൽ സംഗമിക്കുന്ന തോട്ടിലൂടെ വലിയ വള്ളങ്ങൾ കടന്നു പോയിരുന്നു.ക്രമേണ വള്ളങ്ങളിലെ സഞ്ചാരം കുറഞ്ഞതോടെ ഈ നാട്ടു തോടു പോളയും പായലും വളർന്നു തിങ്ങി നികന്നു നീരൊഴുക്കു നിലയ്ക്കുകയായിരുന്നു. പ്രദേശവാസികൾ അലക്കുന്നതിനും കുളിക്കുന്നതിനുമൊക്കെ ഉപയോഗിച്ചിരുന്ന തോടു മലിനമായതോടെ കൊതുകുകളും പെരുകി. മലിനമായ വെള്ളം പരിസരവാസികളെ അസുഖബാധിതരാക്കി. തോടു ശുചീകരിച്ച് ആഴം കൂട്ടി നീരൊഴുക്കു ശക്തമാക്കണമെന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് തോടു ശുചികരിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽഉൾപ്പെടുത്തിയത്.