വൈക്കം: ബൈക്കിലെത്തി മാല കവരുന്ന സംഭവങ്ങൾ വൈക്കത്ത് പതിവാകുന്നു. കഴിഞ്ഞ ദിവസം വൈക്കം പടിഞ്ഞാറെനടയിലെ പച്ചക്കറി വ്യാപാരിയായ കുമാരിയുടെ മാല ബൈക്കിലെത്തിയ സംഘം കവരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുമാരി മാലയിലെ പിടി വിടാതിരുന്നതോടെ ശ്രമം പരാജയപ്പെട്ട മോഷ്ടാക്കൾ ഇവരെ തള്ളി വീഴ്ത്തി കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11ഓടെ ഇവർ സ്വന്തം കടയിലേക്ക് പോകുന്നതിനിടേയാണ് ബൈക്കിലെത്തിയവർ മാല പൊട്ടിക്കാൻ ശ്രമിച്ചത്. കാൽനടക്കാരെ ആക്രമിച്ചുള്ള മോഷണം വൈക്കത്ത് തുടർക്കഥയായതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രണ്ട് ദിവസം മുൻപ് നഗരത്തിൽ രണ്ട് വൃദ്ധരുടെ മാലകൾ ബൈക്കിലെത്തിയ സംഘം കവർന്നതിന് പിന്നാലെയാണ് കഴിഞ്ഞദിവസം വീണ്ടും മോഷണശ്രമം അരങ്ങേറിയത്. തെക്കേനടയ്ക്കു സമീപത്തെ ഇടവഴിയിലൂടെ ക്ഷേത്ര ദർശനം കഴിഞ്ഞ് വിട്ടിലേയ്ക്കു മടങ്ങിയ ഗോപാലകൃഷ്ണകുറുപ്പ് (63), കാളിയമ്മനട ദേവീക്ഷേത്രത്തിൽ നിന്നു ദർശനം നടത്തി മടങ്ങിയ രമണി (72) എന്നിവരുടെ മാലയാണ് മോഷണം പോയത്.ഇതിന് പിന്നിൽ ഒരേ സംഘമാണെന്നാണ് പൊലീസിന്റെ സംശയം.