കോട്ടയം: മദ്ധ്യകേരളത്തിൽ ശ്രീനാരായണഗുരുദേവ ദർശന പ്രചാരണത്തിലും പ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനും അക്ഷീണം പ്രയത്നിച്ച സന്യാസി ശ്രേഷ്ഠനായിരുന്നു സ്വാമി ശ്രീനാരായണതീർത്ഥർ എന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ സ്വാമി ശ്രീനാരായണതീർത്ഥർ സ്ഥാപിച്ച ഏകദൈവ പ്രതിഷ്ഠാധ്യാന മണ്ഡപത്തിന്റെ പുനർനിർമ്മാണത്തിന് ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം, കുട്ടനാട്, ചങ്ങനാശേരി താലൂക്കുകളിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനത്തിന് മുന്നോടിയായി സമാജങ്ങൾ രൂപീകരിച്ചതും കുറിച്ചിയിൽ അദ്വൈതാശ്രമം സ്ഥാപിച്ചതും തീർത്ഥർ സ്വാമിയായിരുന്നുവെന്നും വിശുദ്ധാനന്ദസ്വാമി അനുസ്മരിച്ചു. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, കുറിച്ചി അദ്വൈത വിത്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സ്വാമി സച്ചിതാനന്ദ എന്നിവർ പ്രസംഗിച്ചു. സ്വാമി ബ്രഹ്മസ്വരൂപാനന്ദ സ്വാമി അസ്പർശാനന്ദ, സ്വാമിനി നിത്യചിന്മയ് എന്നിവർ പ്രാർത്ഥനായോഗത്തിന് നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം കോട്ടയം, കുട്ടനാട്, ചങ്ങനാശേരി യൂണിയനുകളിൽ നിന്നുള്ള പ്രവർത്തകരും ഗുരുധർമ്മപ്രചരണസഭ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.