അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയോരത്ത് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റ് തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. ദിവസവും നൂറുകണക്കിന് സഞ്ചാരികളെത്തുന്ന ഇടമാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഇതിനു പുറമെ നേര്യമംഗലം വനമേഖലയില്‍ ജനസാന്നിദ്ധ്യമുള്ള സ്ഥലം കൂടിയാണിത്. ഇത്തരം പരിഗണനകളിലായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം അടിമാലി പൊലീസ് സ്റ്റേഷന്റെ നിയന്ത്രണത്തില്‍ എയിഡ് പോസ്റ്റ് സ്ഥാപിച്ചത്. ആരംഭ സമയത്ത് കൃത്യമായി പ്രവര്‍ത്തിച്ച പൊലീസ് എയ്ഡ് പോസ്റ്റ് പക്ഷേ, ഇന്ന് പൂട്ടു വീണ നിലയിലാണ്. പൊലീസ് ഉദ്യോഗസ്ഥരില്ലാതെ വന്നതോടെ എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. നേര്യമംഗലം വനമേഖലയില്‍ വാഹനാപകടങ്ങള്‍ നടന്നാല്‍ വ്യാപ്തി കുറയ്ക്കാന്‍ എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം സഹായകരമായിരുന്നു. എന്നാല്‍ അടിമാലി സ്റ്റേഷനില്‍ എയ്ഡ് പോസ്റ്റുകളുടെ പ്രവര്‍ത്തനം കൂടി സുഗമമായി മുമ്പോട്ട് കൊണ്ടു പോകാനുള്ള സേനാംഗങ്ങളുടെ കുറവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.