അടിമാലി: ടൗണിലെ എ.ടി.എം കൗണ്ടറുകൾ പണമിടപാടുകാരെ വലയ്ക്കുന്നു. ദേശസാത്കൃത ബാങ്കുകളുടേതുൾപ്പെടെ പത്തോളം എ.ടി.എം കൗണ്ടറുകളാണ് അടിമാലി ടൗണിൽ സ്ഥാപിച്ചിട്ടുള്ളത്. പല ബാങ്കുകൾക്കും ഒന്നലധികം എ.ടി.എം കൗണ്ടറുകളുമുണ്ട്. പക്ഷേ, പല സമയത്തും പല എ.ടി.എം കൗണ്ടറുകളിലും പണമുണ്ടാകില്ലെന്ന് മാത്രമല്ല കൃത്യമായി എ.ടി.എം കാർഡുകൾ റീഡ് ചെയ്യുന്ന കൗണ്ടറുകളും ചുരുക്കമാണ്. എല്ലാ ദിവസവും സുഗമമായി പ്രവർത്തിക്കുന്ന എ.ടി.എം കൗണ്ടറുകളുടെ എണ്ണവും വിരലിലെണ്ണാവുന്നത് മാത്രം. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളടക്കം ആശ്രയിക്കുന്ന അടിമാലിയിലെ എ.ടി.എം കൗണ്ടറുകളുടെ കൃത്യമായ പ്രവർത്തനത്തിന് ബാങ്കുകൾ നടപടിയെടുക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം. അടിമാലി ടൗണിന്റെ ഇരു ഭാഗങ്ങളിലായാണ് എ.ടി.എം കൗണ്ടറുകൾ കൂടുതലും സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. താലൂക്കാശുപത്രിയിൽ നിന്ന് ബസ് സ്റ്റാൻഡിൽ നിന്നുമടക്കം ആളുകൾ എ.ടി.എം കൗണ്ടറുകളിൽ എത്തുമ്പോൾ മാത്രമേ അവ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന വിവരം ഇടപാടുകാർ അറിയൂ. തുടർന്ന് മറ്റൊരു എ.ടി.എം കൗണ്ടറിലെത്താൻ സാധാരണക്കാർക്ക് പോലും ആട്ടോറിക്ഷകളെ ആശ്രയിക്കേണ്ടി വരുന്നു. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അയൽ സംസ്ഥാന തൊഴിലാളികളും ടൗണിലെ എ.ടി.എം കൗണ്ടറുകളെ ആശ്രയിക്കുന്നുണ്ട്. കൗണ്ടറുകളുടെ കൃത്യമായ പ്രവർത്തനം നടക്കാത്തത് ഇവരെയും പ്രതികൂലമായി ബാധിക്കുന്നു.