gokulam-gopalan

കോട്ടയം: മകൻ ബൈജു ഗോപാലൻ നൽകിയ ചെക്ക് മടങ്ങിയിട്ടില്ലെന്നും ഇടപാടുകാരൻ വഞ്ചിച്ചതാണെന്നും പ്രമുഖ വ്യവസായി ഗോകുലം ഗോപാലൻ കേരളകൗമുദിയോടു പറഞ്ഞു.

ചെന്നൈ സ്വദേശി രമണിയുടെ ചതിവിൽ മകൻ പെട്ടുപോയതാണ്. അയാളെ പൂർണമായും വിശ്വസിച്ചതാണ് പറ്റിയ തെറ്റ്. വഞ്ചിച്ചിട്ടില്ലെന്ന് നിയമപരമായി തെളിയിക്കാനുള്ള രേഖകൾ കൈവശമുണ്ട്. നിയമത്തിൽ പൂർണവിശ്വാസമുള്ളകൊണ്ടാണ് ആരുടേയും സഹായം തേടാഞ്ഞത്. 51 വർഷമായി പ്രവർത്തിക്കുന്ന ഗോകുലം ഗ്രൂപ്പ് നൽകിയ ഒരു ചെക്കും ഇതുവരെ മടങ്ങിയിട്ടില്ല. രമണിക്ക് ഒരു ചെക്കും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രമണിയുടെ ചെന്നൈ ടി നഗറിലെ ഹോട്ടൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 25 കോടിരൂപയുടെ അഡ്വാൻസ് ഗോകുലം ഗ്രൂപ്പ് രമണിക്ക് നൽകിയിരുന്നു. എന്നാൽ പണം കൈപ്പറ്റിയ രമണി രജിസ്‌ട്രേഷന് മുന്നേ ഹോട്ടൽ മറ്റൊരാൾക്ക് മറിച്ച് വിൽക്കാൻ ശ്രമിച്ചു. തുടർന്ന് രമണിക്കെതിരെ നൽകിയ കേസ് ചെന്നൈ കോടതിയിൽ നിലനിൽക്കുന്നുണ്ട്. ഇതിന്റെ സെറ്റിൽമെന്റ് എന്ന നിലയിൽ പിന്നീട് മകനെ സ്വാധീനിച്ച രമണി ദുബായിലെ ഹെൽത്ത് കെയർകമ്പനി ഗോകുലം ഗ്രൂപ്പിന് 20 കോടി രൂപയ്ക് നൽകാമെന്ന് അറിയിച്ചു. കരാറും ഒപ്പുവച്ചു. ഇടപാട് നടന്നെങ്കിലും കരാർ തിരികെ നൽകാതെ രമണി പരാതി നൽകി പകരംവീട്ടുകയായിരുന്നു. നിരവധി പേരെ രമണി സാമ്പത്തികമായി കബളിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.