കോട്ടയം: നഗരമദ്ധ്യത്തിൽ ബാങ്ക് കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കുമരകം കവണാറ്റിൻകര ശരണ്യാലയം വീട്ടിൽ സച്ചു ചന്ദ്രനെയാണ് (22) വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22നായിരുന്നു കേസിനാസ്പദമായ സംഭവം.
നാഗമ്പടം വൈ.എം.സി.എയ്ക്ക് സമീപത്തെ ഇസാഫ് ബാങ്ക് കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ബൈക്കാണ് രാത്രിയിൽ മോഷണം പോയത്. ഇതേ തുടർന്ന് ഇയാൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതിയും നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയിൽ നമ്പർ പ്ലേറ്റ് ചുരണ്ടിയ ബൈക്കിൽ ഒരു യുവാവ് എത്തിയതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് നാഗമ്പടത്തു നിന്നും മോഷണം പോയ ബൈക്കാണെന്ന് കണ്ടെത്തിയത്. ഇതോടെ സച്ചുവിനെ അറസ്റ്റ് ചെയ്തു.
ആറു മാസം മുൻപ് കോടിമത ബെന്നീസ് ഇൻ ലോഡ്ജിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ സച്ചുവിനെ വെസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു ബൈക്ക് മോഷണക്കേസിൽ കൂടി സച്ചുവിനെ പിടികൂടിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.