കോട്ടയം: ജില്ലയിൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കിയ ഇന്നലെയും എല്ലാം പഴയപടി.

കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്ന് കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷൻ വരെ 50 രൂപയും, ചന്തക്കവലയിൽ നിന്ന് സ്റ്റാർ ജംഗ്ഷൻ വരെ 40 രൂപയും ഈടാക്കിയെന്ന രണ്ട് പരാതികളും ഉയർന്നു. വർഷങ്ങളോളം കോട്ടയം നഗരത്തിൽ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന വൃദ്ധനാണ് ഒരു ഇര. മറ്റൊന്ന് ഒരു വീട്ടമ്മയും. കൂലി അമിതമായിപ്പോയെന്നുമാത്രം പ്രതികരിച്ച് വൃദ്ധൻ സ്ഥലംവിട്ടെങ്കിലും ഇന്ന് മുതൽ മീറ്ററിട്ടല്ലേ ഓടേണ്ടതെന്ന വീട്ടമ്മയുടെ ചോദ്യത്തിന് 'നേരത്തെയുണ്ടായിരുന്ന കളക്ടർമാരും പ്രഖ്യാപനങ്ങൾ നടത്തിയതാ, അതൊന്നും ഇന്നുവരെ നടപ്പായില്ല. ഞങ്ങൾ മീറ്റർ വയ്ക്കാനും പോകുന്നില്ല.' എന്നായിരുന്നു ഡ്രൈവറുടെ പ്രതികരണം.

യാത്ര ചെയ്യുന്നവരോട് അമിത ചാർജ് ഈടാക്കുന്നതിനൊപ്പം കലഹങ്ങളും പതിവായ സാഹചര്യത്തിലാണ് ഇന്നലെ മുതൽ ജില്ലയിൽ ഓട്ടോകൾക്ക് മീറ്റർ നിർബന്ധമാക്കാൻ ജില്ല കളക്ടർ പി.കെ.സുധീർബാബു കർശനനിർദേശം നൽകിയത്. എന്നാൽ ഈ തീരുമാനം അംഗീകരിക്കാതെയാണ് ഭൂരിപക്ഷം ഓട്ടോറിക്ഷകളും ഇന്നലെ ഓടിയത്. പരിശോധന ഭയന്ന് ചില ഓട്ടാകളിൽ പേരിനൊരു മീറ്റർ വച്ചെങ്കിലും പ്രവർത്തിപ്പിച്ചില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും തൊഴിലാളികൾ അതൊന്നും മുഖവിലയ്ക്ക് എടുത്തിട്ടില്ല. നേരത്തെ മീറ്റർ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ പല കളക്ടർമാർക്കും അവസാനം തോറ്റുപിന്മാറേണ്ടിവന്ന സാഹചര്യമുണ്ട്.

പുതിയ നിരക്കിൽ പിഴ ഈടാക്കും: എസ്.പി


നിയമം ലംഘിക്കുന്നവരിൽനിന്ന് മോട്ടോർ വാഹനനിയമ ഭേദഗതിപ്രകാരമുള്ള പുതിയ നിരക്കിൽ പിഴ ഈടാക്കുമെന്ന് ജില്ല പൊലീസ് മേധാവി പി.എസ്. സാബു. ഇന്നലെ ബോധവത്കരണമാണ് നടത്തിയത്. ഇന്ന് മുതൽ പരിശോധനകൾ കർശനമാക്കും.

പരാതിലഭിച്ചാൽ കർശന നടപടി: കളക്ടർ
ഓട്ടോയിൽ മീറ്റർ ഘടിപ്പിക്കുന്നത് നിർബന്ധമാക്കിയ സാഹചര്യത്തിൽ പരാതികൾ ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ജില്ല കലക്ടർ പി.കെ. സുധീർബാബു. ഇക്കാര്യത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് തുടർനടപടി ആലോചിക്കും.

ഇന്നുമുതൽ പരിശോധന: ആർ.ടി.ഒ
പുതിയ നിയമനുസരിച്ച് ഗതാഗതലംഘനം നടത്തുന്നവരെ പിടികൂടാൻ ജില്ലയിൽ ആറ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ. ഇന്ന് മുതൽ പരിശോധന നടത്തും. ചട്ടം ലംഘിക്കുന്ന ഒാട്ടോഡ്രൈവർമാക്കെതിരെയും നടപ‌ടിയെടുക്കും.