തലയോലപ്പറമ്പ്: സൂക്ഷിച്ച് നടന്നില്ലെങ്കിൽ വീഴും... ദുരിതം വിതയ്ക്കാൻ ചെളിയും... സിംല ജംഗ്ഷൻ -ചിറേക്കടവ് ഒറ്റയടിപ്പാതയുടെ അവസ്ഥയാണിത്. ഒറ്റയടിപ്പാത തകർന്നതോടെ ഇത് വഴിയുള്ള കാൽനടയാത്ര നരകയാത്രയ്ക്ക് സമാനമാണ്. തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ 50 ഓളം വീട്ടുകാരും മറവൻതുരുത്ത് പഞ്ചായത്തിലെ കടത്ത് കടന്ന് അക്കരെ ഇക്കരെ വന്ന് പോകുന്ന നൂറ് കണക്കിന് യാത്രക്കാരും പ്രധാന റോഡിലേക്ക് എളുപ്പത്തിൽ എത്താൻ ഉപയോഗിക്കുന്ന ഒറ്റയടിപ്പാതയാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. നൂറ് മീറ്ററോളം വരുന്ന ഒറ്റയടിപ്പാത കുണ്ടും കുഴിയുമായതോടെ ഇതുവഴിയുള്ള കാൽനട യാത്ര ഏറെ പ്രയാസകരമാണ്. സ്‌കൂൾ കുട്ടികൾ അടക്കമുള്ള നൂറ് കണക്കിന് ആളുകളുടെ യാത്രയും ഭുരിതപൂർണമാണ്. താഴ്ന്നതും വെള്ളക്കെട്ട് നിറഞ്ഞ് ചെളിക്കുണ്ടായി മാറിയ ഒറ്റയടിപാതയിലൂടെയാണ് പ്രദേശത്തെ നിവാസികൾ പോകുന്നത്. ചെളി നിറഞ്ഞ വഴിയിയിലൂടെ പോകുന്ന കുട്ടികൾ പലപ്പോഴും തെന്നി വീഴുന്നതും അപകടത്തിൽപെടുന്നതുംപതിവാണ്. കഴിഞ്ഞ ദിവസം സൈക്കിളിൽ പോകുകയായിരുന്ന വിദ്യാർത്ഥിക്ക് കുഴിയിൽ മറിഞ്ഞ് വീണ് പരിക്കേറ്റിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികൾ ആവിക്ഷക്കരിക്കാനുള്ള നീക്കത്തിലാണ് യാത്രക്കാർ. അതേ സമയം, പഞ്ചായത്തിന്റെ ആസ്ഥിരേഖകളിൽ ഈ നടപ്പ് വഴി ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് തുക ചെലവഴിക്കാാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.