jose-tom

കോട്ടയം:പാലായിൽ ജോസ് കെ. മാണിയുടെ ഭാര്യ നിഷ സ്ഥാനാർത്ഥിയായി വേണ്ടെന്നും മത്സരിപ്പിച്ചാൽ ചിഹ്നം നൽകില്ലെന്നുമുള്ള പി.ജെ.ജോസഫിന്റെ കടുംപിടുത്തം വിജയിച്ചു. നിഷയുടെ പേര് വെട്ടി പകരം പല പേരുകൾ വെട്ടിയും തിരുത്തിയും ചർച്ച ചെയ്ത യു.ഡി.എഫ് ഉന്നത നേതാക്കൾ അവസാനം ജോസ് ടോം പുലിക്കുന്നേലിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

പാലാ മണ്ഡലം രൂപീകരിച്ച് 54 വർഷത്തിനു ശേഷം കെ.എം.മാണിയും കരിങ്ങോഴിയ്ക്കൽ കുടുംബത്തിൽ നിന്നുമല്ലാതെ പുതിയ സ്ഥാനാർത്ഥിയാവുകയാണ് ജോസ് ടോം. ജോസഫ് ചിഹ്നം നൽകില്ലെന്നു വന്നതോടെ നിഷയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിക്കാൻ ജോസ് വിഭാഗം തീരുമാനിച്ചെങ്കിലും ചില യു.ഡി.എഫ് നേതാക്കൾ അംഗീകരിക്കാതെ വന്നതോടെയാണ് നിഷയെ ഒഴിവാക്കി തോമസ് ചാഴികാടന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഏഴംഗ സമിതി ജോസ് ടോമിന്റെ പേര് പ്രഖ്യാപിച്ചത്.

ജോസഫ് പുറത്താക്കിയ 21 ജോസ് വിഭാഗം നേതാക്കളിൽ ഒരാളാണ് ജോസ് ടോം. താൻ അച്ചടക്ക നടപടി എടുത്ത ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കുന്നതും ജോസഫ് എതിർത്തെങ്കിലും യു.ഡി.എഫ് നേതാക്കൾ വഴങ്ങിയില്ല .

സമ്മർദ്ദത്തിനൊടുവിൽ മനസില്ലാ മനസോടെ ജോസഫും പേര് അംഗീകരിച്ചുവെങ്കിലും മുഖം കറുപ്പിച്ചാണ് പോയത്.

രണ്ടില ചിഹ്നം ജോസഫ് നൽകുമോ എന്നറിയാൻ ഇനി കാത്തിരിക്കണം. അച്ചടക്ക നടപടിയെടുത്ത ആൾക്ക് ചിഹ്നം നൽകിയാൽ അംഗീകരിക്കലാകും. ജോസഫ് നിലപാട് മാറ്റുന്നില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ ജോസ് വിഭാഗം സ്ഥാനാർത്ഥി പാലായിൽ മത്സരിക്കേണ്ടി വന്നേക്കാം.

യു.ഡി.എഫ് നേതാക്കളായ ഉമ്മൻചാണ്ടി ,രമേശ് ചെന്നിത്തല. മുല്ലപ്പള്ളി രാമചന്ദ്രൻ, ബെന്നി ബഹനാൻ , പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ രാവിലെ മുതൽ കോട്ടയത്ത് ജോസും ജോസഫുമായി ചർച്ച നടത്തിയിരുന്നു. ഉച്ച കഴിഞ്ഞാണ് ഡി.സി.സി ഓഫീസിൽ രണ്ടാം ഘട്ട ചർച്ച തുടങ്ങിയത്. ജോസും ജോസഫുമായും യു.ഡി.എഫ് നേതാക്കൾ മൂന്ന് റൗണ്ട് ചർച്ച മൂന്നു മണിക്കൂറോളം നടത്തിയ ശേഷം രാത്രി എട്ടരയോടെ ജോസ് ടോം പുലിക്കുന്നേലിന്റെ പേരിലേക്കെത്തി. ജോസഫ് എതിർത്തെങ്കിലും കേരള കോൺഗ്രസ് തർക്കം കാരണം സ്ഥാനാർത്ഥി നിർണയം ഇത്ര വൈകിയ സാഹചര്യത്തിൽ ഇനി മറ്റൊരു പേര് ചർച്ച ചെയ്യാനാവില്ലെന്ന കടുത്ത നിലപാട് യു.ഡി.എഫ് നേതാക്കൾ ഒന്നിച്ചെടുത്തതോടെ ജോസഫ് നിശബ്ദനായി. . തുടർന്ന് വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു.

ഞങ്ങളൊന്നാണേയെന്ന മട്ടിൽ ചാനൽ കാമറകൾക്കു മുന്നിൽ എല്ലാ യു.ഡി.എഫ് നേതാക്കളും ചിരിച്ചു കാട്ടിയപ്പോഴും ജോസിന്റെയും ജോസഫിന്റെയും മുഖത്ത് നിർവികാരതയായിരുന്നു. ബാക്കി ഇനി പാലായിലെ വോട്ടു മത്സരത്തിനിടയിൽ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം.