അടിമാലി: അടിമാലി സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ജില്ലാ പൊലീസ്‌ മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പയസ് ജോർജാണ്‌ കേസ് അന്വേഷിക്കുന്നത്. സംഭവം മൂടിവയ്ക്കാന്‍ അടിമാലി പൊലീസ് ശ്രമിക്കുന്നതിനിടെയാണ് വൈകിട്ടോടെ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നലെ തന്നെ അടിമാലിയിലെത്തി ഡിവൈ.എസ്.പി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡ്യൂട്ടി നൽകുന്ന മേലുദ്യോഗസ്ഥൻ പ്രതികാരത്തോടെ പെരുമാറുകയും അമിതജോലിഭാരം അടിച്ചേല്‍പിക്കുകയും ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ മറ്റുള്ളവരുടെ മുന്നില്‍ അധിക്ഷപിച്ചതോടെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ മനംനൊന്ത് പെട്ടിക്കരഞ്ഞ് ഇവര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.