വൈക്കം: വാഹന ഇടപാടുമായി ബന്ധപ്പെട്ട് വിവാഹ വീട്ടിൽ ഉണ്ടായ വാക്കുതർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. വെച്ചൂർ വേരുവള്ളി ശ്രീനിലയം വീട്ടിൽ ഉദയകുമാറിനാണ് (44) വെട്ടേറ്റത്. കാലിനും കൈയ്ക്കും വേട്ടേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് വെച്ചൂർ അച്ചിനകം കളച്ചിറ വീട്ടിൽ സനീഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിവാഹ വീട്ടിൽ ഉണ്ടായ വാക്കു തർക്കത്തിനു ശേഷം ഉദയകുമാർ വീട്ടിലേക്കു പോകുന്നതിനിടെ വീടിനടുത്തുള്ള ഇടവഴിയിൽ പതുങ്ങി നിന്നിരുന്ന 4 അംഗ സംഘം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഉദയകുമാർ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിക്കൂടിയതോടെ അക്രമി സംഘം ഓടി രക്ഷപ്പെട്ടു. തുടർന്ന് ബന്ധുക്കൾ എത്തിയാണ് ഉദയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ വൈക്കം പൊലീസ് നടത്തിയ തിരച്ചിലിൽ അക്രമി സംഘത്തിൽ പെട്ട സനീഷിനെ പിടികൂടുകയായിരുന്നു. മറ്റ് മൂന്നു പേർക്കു വേണ്ടി അന്വേഷണം നടന്നു വരുന്നതായി വൈക്കം എസ്.എച്ച്.ഒ എസ്.പ്രദീപ് പറഞ്ഞു.