പാലാ: പാലാ ജനറൽ ആശുപത്രിക്ക് കെ.എം.മാണിയുടെ പേരിടാനും, മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ കെ.എം.മാണി സ്‌ക്വയറാക്കാനും, ഇവിടെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാനുമുള്ള പാലാ നഗരസഭയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി പാലാ കിഴതടിയൂർ സഹകരണ ബാങ്കിന്റെ 'കിസ്‌ക്കോ സഫലം മാസിക.'
പല സ്ഥാപനങ്ങൾക്കും കെ.എം.മാണിയുടെ പേരിടുന്നതിനു പകരം ഒറ്റയടിക്ക് ' കെ.എം. മാണി മെമ്മോറിയൽ പാലാ ' എന്നങ്ങ് പേരിട്ടാൽ മതി എന്നാണ് മാസികയിൽ വന്ന ആക്ഷേപ ഹാസ്യനിർദ്ദേശം.
പാലായിലെ ഇടതു മുന്നണി സ്ഥാനാർത്ഥി മാണി. സി. കാപ്പന്റെ ജ്യേഷ്ഠൻ അഡ്വ. ജോർജ് സി. കാപ്പൻ പ്രസിഡന്റായ സഹകരണ സ്ഥാപനമാണ് കിഴതടിയൂർ ബാങ്ക്. ഭരണ സമിതി അംഗങ്ങളെല്ലാവരും ഇടതു പക്ഷ പ്രവർത്തകരാണെങ്കിലും ബാങ്കിന്റെ പ്രസിദ്ധീകരണമായ 'കിസ്‌ക്കോ സഫലം ' മാസിക ഇതേവരെ രാഷ്ട്രീയ ചേരിതിരിവ് പ്രകടിപ്പിക്കുകയോ, ആ തരത്തിലുള്ള വാർത്തകൾ കൊടുക്കുകയോ ചെയ്തിരുന്നില്ല.
എന്നാൽ, ഇത്തവണ ഇറങ്ങിയ ഓണം ലക്കത്തിൽ ' ഗുരുവും ശിഷ്യനും ' എന്ന പേരിൽ വിവിധ സ്ഥാപനങ്ങൾക്ക് കെ.എം.മാണിയുടെ പേര് കൊടുക്കാനുള്ള നീക്കത്തെ ആക്ഷേപ ഹാസ്യത്തിലൂടെ രൂക്ഷമായി വിമർശിക്കുകയാണ് മാസിക. പ്രമുഖ ഹാസ്യ സാഹിത്യകാരനും വിദ്യാഭ്യാസ വകുപ്പ് റിട്ട. സൂപ്രണ്ടുമായ രവി പുലിയന്നൂരാണ് സഫലം മാസികയുടെ എഡിറ്റർ. ' ഗുരുവും ശിഷ്യനും ' ആക്ഷേപ ഹാസ്യ പംക്തി കൈകാര്യം ചെയ്യുന്നതും ഇദ്ദേഹമാണ്.
പാലാ മുനിസിപ്പാലിറ്റിയുടെ നാല് അതിരിലും 'സ്വാഗതം കെ.എം. മാണി മെമ്മോറിയൽ പാലാ ' എന്ന ബോർഡ് സ്ഥാപിച്ചാൽ പോരെ എന്ന ശിഷ്യന്റെ ചോദ്യത്തിന് ' നോം ഇപ്പോൾ മുതൽ സെപ്തംബർ 27ന് ഉച്ചവരെ (ഉപതിരഞ്ഞെടുപ്പ് ഫലം വരും വരെ) മൗനത്തിലാണെന്ന ' ഗുരുവിന്റെ മറുപടിയോടെയാണ് 'കെ.എം. മാണി മെമ്മോറിയൽ ' എന്നു പേരിട്ട ഗുരു ശിഷ്യ സംവാദം അവസാനിക്കുന്നത്.
സൈഡ് സ്റ്റോറി
ലേഖനത്തെ കേവലം ഫലിതമായി കണ്ടാൽ മതി. പാലായിൽ നടക്കുന്ന ആനുകാലിക സംഭവങ്ങളാണ് ആ ലേഖനത്തിൽ ആക്ഷേപ ഹാസ്യമായി അവതരിപ്പിച്ചത്. അതിലെ ഫലിതം ആസ്വദിച്ചാൽ മതി. അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ബാങ്ക് പ്രസിഡന്റും സഫലം മാസിക മാനേജിംഗ് എഡിറ്ററുമായ അഡ്വ. ജോർജ്. സി. കാപ്പൻ.