അരനൂറ്റാണ്ടിലേറെക്കാലം മറ്റാർക്കും വിട്ടു കൊടുക്കാതെ കെ.എം.മാണി കൈവെള്ളയിൽ പൊന്നു പോലെ സൂക്ഷിച്ച പാലാ മണ്ഡലത്തിൽ കരിങ്ങോഴക്കൽ കുടുംബത്തിൽ നിന്നല്ലാതെ പുലിക്കുന്നേൽ കുടുംബത്തിൽ നിന്ന് മാണിയുടെ പിൻഗാമിയായി എത്തുകയാണ് ജോസ് ടോം. ഉപതിരഞ്ഞെടുപ്പിൽ നിഷയെ പാലാക്കാർ പ്രതീക്ഷിച്ചെങ്കിലും പി.ജെ.ജോസഫിന്റെ കടുംപിടുത്തത്തിൽ നിഷയുടെ സ്ഥാനാർത്ഥിത്വം അട്ടിമറിക്കപ്പെട്ടതോടെ ഒത്തുതീർപ്പു സ്ഥാനാർത്ഥിയായി നറുക്കു വീണത് ജോസ് ടോമിനാണ്. കെ.എം.മാണിയുടെ വിശ്വസ്തനായിരുന്ന ജോസ് ടോം പുലിക്കുന്നേൽ കേരളകൗമുദിയോട് സംസാരിച്ചു.
54 വർഷം കെ.എം.മാണി പരിപാലിച്ച പാലായിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി മത്സരിക്കുമ്പോൾ എന്തു തോന്നുന്നു?
ഞാൻ ആഗ്രഹിക്കാതെ, ആരോടും സീറ്റ് ചോദിക്കാതെ എന്നെ തേടിവന്ന സ്ഥാനാർത്ഥിത്വമാണ്. മാണി സാറിന്റെ പകരക്കാരനല്ല. പിൻഗാമിയാണെന്നു പറയാം. മാണി വികാരത്താൽ കേരള കോൺഗ്രസിൽ എത്തിയ ആളാണ് ഞാൻ. അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യനല്ലെന്നും എനിക്കറിയാം. സമ്മിശ്ര വികാരമാണുള്ളത്.
നിഷയുടെ സ്ഥാനാർത്ഥിത്വം ജോസഫ് വെട്ടിയതാണോ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയാകാൻ സഹായകമായത് ?
മാണിസാറിന്റെ മരണശേഷം ആ കുടുംബത്തിൽ നിന്നുള്ള സ്ഥാനാർത്ഥി വരണമെന്ന് ജനം ആഗ്രഹിച്ചു. ജോസ് കെ. മാണി രാജ്യസഭാ എം.പിയായതിനാൽ പകരമായാണ് നിഷയുടെ പേര് ഉയർന്നു വന്നത്. മാദ്ധ്യമങ്ങൾ അതിന് വലിയ പ്രാധാന്യം നൽകി. സ്ഥാനാർത്ഥിയായി എന്നെ പരിഗണിക്കണമെന്ന് ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. നിഷയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു ഞാനും ആവശ്യപ്പെട്ടത്. മാണി കുടുംബത്തിൽ നിന്ന് ഒരാൾ വേണ്ടെന്ന നിലപാട് സ്വീകരിച്ചത് ജോസ് കെ . മാണിയാണ് അങ്ങനെയാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള ലിസ്റ്റിൽ നിന്ന് നിഷ ഒഴിവായത്. അല്ലാതെ നിഷയെ ജോസഫ് വെട്ടിയെന്ന് ഞാൻ കരുതുന്നില്ല .
രണ്ടില ചിഹ്നം ജോസഫ് തരുമോ?
ചിഹ്നം സംബന്ധിച്ച് ആശങ്കയില്ല. ഏത് ചിഹ്നമായാലും പ്രശ്നമല്ല. കെ.എം. മാണിയാണ് എന്റെ ചിഹ്നം. മാണിഗ്രൂപ്പിന്റെ സ്വന്തം രണ്ടില ആയിരിക്കണം എന്റെയും ചിഹ്നം എന്നാണ് ആഗ്രഹിക്കുന്നത്. അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാൻ എനിക്ക് അധികാരമില്ല. ചിഹ്നം എന്തായിരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ . മാണിയും യു.ഡി.എഫും തീരുമാനിക്കും. അവരുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കും. ചിഹ്നം നേടിയെടുക്കാനുള്ള കഴിവും പ്രാപ്തിയും ശക്തിയും ജോസിനുണ്ട്. പാലാക്കാരുടെ മനസിലുള്ള രണ്ടില ഒരു വികാരമാണ്. ആ ചിഹ്നം കിട്ടിയാൽ നല്ലത്. എന്നാൽ ചിഹ്നം ലഭിക്കാൻ ആരുടെ മുന്നിലും തലകുനിക്കാൻ പാർട്ടി തയാറല്ല. ചിഹ്നം പിടിച്ചു വാങ്ങാനാവില്ലല്ലോ? യു.ഡി.എഫ് നേതൃത്വം ഇടപെട്ട് ചിഹ്നം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. സ്ഥാനാർത്ഥിയായി നിൽക്കാൻ പാർട്ടി പറഞ്ഞതിനാൽ നിൽക്കുന്നു ഇനി പാർട്ടി തരുന്ന ഏതു ചിഹ്നമാണോ അത് സ്വീകരിക്കും.
താങ്കളെ പാർട്ടിയിൽ നിന്നു പുറത്താക്കിയ ജോസഫിനെ കണ്ട് സഹായം തേടുമോ?
എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നുള്ള കത്ത് ലഭിച്ചിട്ടില്ല . കേരളകോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി ആയതിനാൽ അധികാരം ജോസിനാണ്. എന്നെ പുറത്താക്കാൻ ജോസഫിന് അധികാരമില്ല. ജോസഫ് സാറിനെ വിളിക്കും. നേരിട്ട് പോയി കാണും യു.ഡി.എഫിലെ പ്രമുഖ ഘടക കക്ഷിയുടെ നേതാവല്ലേ. അദ്ദേഹത്തിന്റെ അനുഗ്രഹം തേടണം. വിജയിക്കാൻ ജോസഫിന്റെ പിന്തുണയും ആവശ്യമാണ്.
മൂന്നു തവണ മാണിയുടെ ലീഡ് കുറച്ചു കൊണ്ടുവന്ന മാണി സി. കാപ്പനെ എങ്ങനെ വിലയിരുത്തുന്നു?
നാലാം തവണയും പാലായിൽ മത്സരിക്കുന്ന കാപ്പനെ ഭയപ്പെടുന്നില്ല. അദ്ദേഹത്തിന്റേതായ തലങ്ങളും വേദികളുമുണ്ട്. യു.ഡി.എഫിൽ തർക്കമുണ്ടാകും, ഒപ്പം പരിഹാരവുമുണ്ടാകും പിന്നെ എല്ലാവരും ഒറ്റക്കെട്ടാണ് . മാണിയുടെ ചിത്രം വച്ചാൽ പാലായിൽ യു.ഡി.എഫ് ജയിക്കും. മാണിയെ സ്നേഹിക്കുന്നവരാണ് പാലാക്കാർ. അവർ യു.ഡി.എഫിന് വോട്ടുചെയ്യും. മാണി വികാരം കൂടി അതിനൊപ്പം ചേരുമ്പോൾ വലിയ ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷ.
ജോസ് ടോം പുലിക്കുന്നേൽ
കേരള സംസ്ഥാനം പിറവിയെടുത്ത 1956 നവംബർ ഒന്നിന് പാലാ ഇടമറ്റത്തെ പ്രശസ്തമായ പുലിക്കുന്നേൽ തറവാട്ടിൽ തോമസ് - മേരി ദമ്പതികളുടെ മകനായാണ് ജോസ് ടോമിന്റെ ജനനം.
69 ൽ ഇടമറ്റം കെ.ടി.ജെ.എം സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ മുതിർന്നവർക്കൊപ്പം ചേർന്ന് കെ.എസ്.സി യൂണിറ്റ് രൂപീകരിച്ചു. കേരള സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ പാലായിൽ കേരള യൂണിവേഴ്സിറ്റി നാടകമേള നടത്തി ശ്രദ്ധേയനായി. ആദ്യ ജില്ലാ കൗൺസിലിൽ പാലാ ഡിവിഷനെ പ്രതിനിധീകരിക്കാൻ കെ.എം. മാണി നിയോഗിച്ചത് ജോസ് ടോമിനെയായിരുന്നു. അന്നുമുതൽ കെ.എം.മാണിയുടെ പിന്നിൽ നിഴലായി നിന്ന് വിശ്വസ്തനായി. എല്ലാ തിരഞ്ഞെടുപ്പിലും പാലായിൽ പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചു. മുന്നണിപ്പോരാളിയായി. മാണിയുടെ മരണശേഷം ജോസിന്റെയും വിശ്വസ്തനായി. 17 വർഷം മീനച്ചിൽ പഞ്ചായത്തംഗം. 88 മുതൽ മീനച്ചിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്. മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ ബോർഡംഗമാണ്. കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി. ഭാര്യ ജസി - മീനച്ചിൽ പഞ്ചായത്തംഗം. മക്കൾ: അനില (എം.ഫാം ബിരുദധാരി.) അമിൽ (സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നു).