കോട്ടയം : എൻ.ഡി.എ സ്ഥാനാർത്ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ പാലായിലെ മത്സരചിത്രം പൂർണമായി. കേരള കോൺഗ്രസി̣ന്റെ കുത്തകസീറ്റിൽ വിജയമുറപ്പിച്ച് ജോസ് ടോം പുലിക്കുന്നേലും അട്ടിമറിക്കായി എൽ.ഡി.എഫിലെ മാണി സി. കാപ്പനും എൻ.ഡി.എയിലെ എൻ.ഹരിയും ഇറങ്ങുമ്പോൾ ത്രികോണ മത്സരച്ചൂടിലേയ്ക്ക് പാലാ നീങ്ങുകയാണ്. നിലവിലെ സാഹചര്യത്തിൽ 36,000 വോട്ടുകൾ നേടുന്നവർക്ക് വിജയിക്കാനാകുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ.
വികസനത്തിനൊപ്പം, യു.ഡി.എഫിലെ അസ്വാരസ്യങ്ങളും ശബരിമലയും റബറും സഭാതർക്കങ്ങളുമൊക്കെ വരും ദിവസങ്ങളിൽ പാലായിൽ ചർച്ചയാകും. സ്ഥാനാർത്ഥി പ്രഖ്യാപനവും പത്രികാ സമർപ്പണവും നടത്തി പ്രചാരണത്തിൽ ഒരുപടി മുന്നിലാണ് കാപ്പൻ. തുടക്കത്തിൽ കാട്ടിയ മേൽക്കോയ്മ ആദ്യാവസാനം നിലനിറുത്താനാണ് കാപ്പന്റെ ശ്രമം. കാപ്പനെതിരെ ഉരുണ്ടുകൂടിയ എൻ.സി.പിയിലെ കലഹം പരിഹരിക്കാനുമായി. അനുകൂല സാഹചര്യത്തിൽ മറ്റൊരു മാണി പാലായിൽ നിന്ന് നിയസഭയിലെത്തുമെന്ന് ഇടതുപക്ഷം പറയുന്നു. കെ.എം.മാണിക്കെതിരെ കഴിഞ്ഞ തവണ 4,000 വോട്ടിനാണ് കാപ്പൻ തോറ്റത്. നിലവിലെ സാഹചര്യത്തിൽ പാലാ ബാലികേറാമലയല്ലെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ.
സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിട്ടെങ്കിലും ജോസ് - ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ അസ്വസ്ഥമാണ് യു.ഡി.എഫ്. വരുംദിവസങ്ങളിൽ പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാവുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. കെ.എം.മാണിയുടെ വികസന തുടർച്ചയ്ക്ക് പാലാക്കാർ വോട്ടുനൽകുമെന്ന പ്രതീക്ഷയാണ് ടോം ജോസ് പുലിക്കുന്നേലിന്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയതും പാലായാണ്.
തുടക്കം മുതൽ ഉയർന്ന പേരായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രനേതൃത്വത്തിൽ നിന്ന് ഉണ്ടാകാൻ വൈകിയതാണ് ഹരിയുടെ പ്രചാരണം തുടങ്ങാൻ വൈകിയത്. പരമാവധി ഏഴായിരം വോട്ടുകൾക്ക് അപ്പുറം പാലായിൽ ലഭിച്ചിട്ടില്ലാത്ത ബി.ജെ.പി കഴിഞ്ഞ തവണ 24000 വോട്ടുകൾ നേടിയെന്നതാണ് ഹരിയുടെ പ്രതീക്ഷ. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി എൻ.ഡി.എ സ്ഥാനാർത്ഥിക്ക് 6000 വോട്ടിന്റെ വ്യത്യാസമാണുണ്ടായിരുന്നത്.
പ്രചരണായുധങ്ങൾ
യു.ഡി.എഫ്
1) കേന്ദ്ര- സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം
2) ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്
3) കർഷകരുടെ പ്രശ്നങ്ങൾ, മത - സാമുദായിക വിഷയങ്ങൾ
എൽ.ഡി.എഫ്
1) സംസ്ഥാനസർക്കാരിന്റെ വികസന നയം
2കേന്ദ്രസർക്കാരിനെതിരായ വികാരം
3) ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ ഇരട്ടത്താപ്പ്
4)യു.ഡി.എഫിലെ ഭിന്നത
ബി.ജെ.പി
1) കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടം
2) ശബരിമല വിഷയം
3) യു.ഡി.എഫിലെ ഭിന്നത
വോട്ടർമാർ 1,77550
12 പഞ്ചായത്തുകളും ഒരു നഗരസഭയുമുള്ള മണ്ഡലത്തിൽ ആകെ 1,77550 വോട്ടർമാരാണുള്ളത്. 176 ബൂത്തുകളിലായി 87036 പുരുഷവോട്ടർമാരും 90514 സ്ത്രീ വോട്ടർമാരുമാണുള്ളത്. രാമപുരം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ, കുറവ് തലനാട്ടിലും.