ooda

ചങ്ങനാശേരി: മഴ ഒന്നു ശക്തമായി പെയ്താൽ പെരുന്ന എൻ.എസ്.എസ് കോളേജിനു സമീപത്തെ റോഡിലുണ്ടാകുന്ന വെള്ളക്കെട്ട് യാത്രക്കാരെയും വ്യാപാരികളേയും വലയ്ക്കുന്നു. കവിയൂർ റോഡിൽനിന്ന് എം.സി. റോഡിലേയ്ക്ക് പ്രവേശിക്കുന്ന രാജേശ്വരി കോംപ്ലക്‌സിന് മുന്നിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഈ ഭാഗത്തെ ഓട അടഞ്ഞുപോയതാണ് വെള്ളക്കെട്ടിന് കാരണം. ഓട നിറഞ്ഞ് വെള്ളംറോഡിലൂടെ പുറത്തേയ്‌ക്കൊഴുകുന്നത് കാൽനടയാത്രയ്ക്കും തടസം സൃഷ്ടിക്കുന്നു.

ഓടകൾക്ക് മൂടിയില്ലാത്തതിനാൽ മാലിന്യങ്ങളും മണ്ണും നിറഞ്ഞ് ഓടകൾ നിറഞ്ഞിരിക്കുകയാണ്. മഴപെയ്യുമ്പോൾ വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ ഇത് തടസപ്പെടുത്തുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ വ്യാപാരികൾ മൂടിയുള്ള ഓടയുടെ കോൺക്രീറ്റ് സ്ലാബ് ഉയർത്തിവെയ്ക്കുകയും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുകയും ചെയ്യാറുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാകുന്നില്ല. അശാസ്ത്രീയമായാണ് ഓട നിർമ്മിച്ചതെന്നും ആരോപണമുണ്ട്.

വെള്ളക്കെട്ട് ഉയരുന്നത് ഇവിടെ ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നുണ്ട്. കടകളിലേക്ക് വെള്ളം ഒഴുകിയെത്താറുണ്ടെന്നും വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താൻ അധികൃതർ തയ്യാറാകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.


 അപകടങ്ങളും നിത്യക്കാഴ്ച


വെള്ളക്കെട്ട് അറിയാതെയും കുഴികൾ അറിയാതെയും എത്തുന്ന ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഇവിടെ വീഴുന്നതും പതിവാണ്. കഴിഞ്ഞ ദിവസം രാവിലെയുണ്ടായ ശക്തമായ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ ഇരുചക്രവാഹനയാത്രികൻ വീണിരുന്നു.

കോളേജ് വിദ്യാർഥിനികളും സ്‌കൂൾകുട്ടികളും കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ ഭയന്നാണ് റോഡ് മുറിച്ചുകടക്കുന്നത്.

 എന്ന് മഴപെയ്താലും വെള്ളക്കെട്ടാണ്, കടകളുടെ ഉള്ളിലേക്കും വെള്ളംകയറുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അധികൃതർക്ക് പരാതി നല്കിയിട്ടും ഇതുവരെ നടപടിയില്ല. അശാസ്ത്രീയമായ ഓട നിർ‌മ്മാണവും കൃത്യമായി മാലിന്യങ്ങൾ നീക്കം ചെയ്യാത്തതുമാണ് വെള്ളക്കെട്ടിനു കാരണം -- വ്യാപാരികൾ