ചങ്ങനാശരി: പരിഷ്‌കരണത്തിന്റെ ഭാഗമായി മേഖലയിൽ നിന്നുള്ള സർവീസുകൾ വെട്ടിച്ചുരുക്കിയതിനാൽ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ പ്രതിസന്ധിയിൽ. ദീർഘദൂര ടേക്ക് ഓവർ ഫാസറ്റ് പാസഞ്ചർ സർവീസുകളും മികച്ച വരുമാനമുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളും സർവീസിന് അയക്കാതെ വന്നതോടെ കിഴക്കൻ മേഖലയാകെയുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താറുമാറായെന്നാണ് യാത്രക്കാർ ഉന്നയിക്കുന്ന ആക്ഷേപം. നല്ല വരുമാനമുണ്ടായിരുന്ന കിഴക്കൻ മേഖലയിലേയ്ക്കുള്ള സർവീസുകളാണ് അധികൃതർ റൂട്ടു മാറ്റി വിട്ടതെന്ന ആരോപണം ശക്തമാണ്. കട്ടപ്പനയ്ക്ക് ചെയിൻ സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചിട്ട് രണ്ടു മാസം പിന്നിട്ടിട്ടും നടപടിയായിട്ടില്ല. സർവീസുകളുടെ അഭാവത്താൽ കറുകച്ചാൽ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, ഏലപ്പാറ, നെടുങ്കണ്ടം, മാവടി, പൊന്നാമല, കുട്ടിക്കാനം, വണ്ടിപ്പെരിയാർ, കുമളി, ബാലൻപിള്ള സിറ്റി,കൊച്ചറ, തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര ദുഷ്‌കരമായി.