pj-josph

കോട്ടയം: ഒരു പകൽ മുഴുവൻ നീണ്ട മാരത്തോൺ ചർച്ചയ്‌ക്കൊടുവിൽ ഞായറാഴ്ച രാത്രിയോടെ പാലായിലെ സ്ഥാനാർത്ഥിയായി ജോസ് ടോം പുലിക്കുന്നേലിനെ കണ്ടെത്തിയെങ്കിലും ,രണ്ടില ചിഹ്നത്തിൽ തട്ടി വട്ടംചുറ്റുകയാണ് യു.ഡി.എഫ്. ഐക്യമുന്നണി സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുമെന്ന് പി.ജെ ജോസഫ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നൽകുന്നതിന് സാങ്കേതികപ്രശ്നമുണ്ടെന്ന് നേരിട്ടു പറയാതെ, ഇക്കാര്യം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മിനിഞ്ഞാന്നു തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ മറുപടി.

പാലാക്കാരുടെ മനസിൽ പല തലമുറയായി പതിഞ്ഞ ചിഹ്നമാണ് രണ്ടില. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നോടിയായി ബുക്ക് ചെയ്ത പാലായിലെ ചുവരുകളിൽ രണ്ടില ചിഹ്നം വരച്ചിട്ടുണ്ട്. ജോസഫ് കനിയുന്നില്ലെങ്കിൽ ഇതു മായ്ച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിക്കുന്ന ഏതെങ്കിലും സ്വതന്ത്രചിഹ്നം വരയ്ക്കണം. കമ്മിഷനു കത്തു നൽകി എങ്ങനെയും രണ്ടില തരപ്പെടുത്താൻ ജോസ് വിഭാഗം നീക്കം നടത്തുന്നുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനൊപ്പം ചിഹ്നത്തിനായി യു.ഡി.എഫ് നേതാക്കൾ ജോസഫിനു മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. രണ്ടില ചിഹ്നം കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന് ചാനൽ കാമറകൾക്കു മുന്നിൽ ആവേശഭരിതനായി ജോസ് ടോം പറഞ്ഞത് ലൈവായി കണ്ട ജോസഫ്, 'വേണ്ടെങ്കിൽ വേണ്ട' എന്നാണ് പ്രതികരിച്ചത്.

ജോസിനെ പാർട്ടി ചെയർമാനായി തിരഞ്ഞെടുക്കാൻ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജോസഫ് നടപടിയെടുത്ത ജോസ് ടോമിന് ചിഹ്നം അനുവദിച്ചാൽ അത് അംഗീകരിക്കലാവും . തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിലുള്ള കേസിലും ദോഷമാകും. ജോസ് ചെയർമാനായിട്ടും ചിഹ്നം അനുവദിക്കാനുള്ള അധികാരം ജോസഫിനെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ജോസ് ചിഹ്നം ആവശ്യപ്പെടാതിരിക്കുന്നതും ഇക്കാരണത്താലാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജോസഫിനാണ് അധികാരമെന്ന് സൂചന നൽകിയ സാഹചര്യത്തിൽ, സ്വതന്ത്ര ചിഹ്നത്തിൽ ജോസ് വിഭാഗം സ്ഥാനാർത്ഥി മത്സരിക്കുന്നതു ചൂണ്ടിക്കാട്ടി അധികാരം സ്ഥാപിക്കാൻ ജോസഫിനു കഴിയും.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അഞ്ചിനാണ് .അതിനകം രണ്ടില ചിഹ്നത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കുന്നില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടി വരും. ബാലറ്റ് പേപ്പറിലും എതിരാളികളായ രണ്ട് ദേശീയ പാർട്ടി സ്ഥാനാർത്ഥികൾക്കു പിറകിൽ സ്വതന്ത്രന്മാർക്കൊപ്പമേ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് സ്ഥാനമുണ്ടാകൂ .