കോട്ടയം: ജില്ലയിൽ മീറ്റർ നിർബന്ധമാക്കിയതിനെതിരെ കോട്ടയം നഗരത്തിൽ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകളുടെ മിന്നൽ പണിമുടക്ക്. പരിശോധന തുടരുകയാണെങ്കിൽ അനിശ്‌ചിത കാല സമരത്തിലേയ്‌ക്ക് കടക്കുമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ഭീഷണി. കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പിന്റെ സ്‌ക്വാഡ് 20 ഓട്ടോറിക്ഷകൾക്ക് മീറ്റർ ഇല്ലെന്ന് കണ്ടെത്തി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാർ രംഗത്ത് എത്തിയതും ഇന്നലെ മിന്നൽ പണിമുടക്ക് നടത്തിയതും.

വീഡിയോ വാട്‌സ‌പ്പ് ചെയ്യാം

ഓട്ടോറിക്ഷകൾ മീറ്ററില്ലാതെ സർവീസ് നടത്തുന്നതു സംബന്ധിച്ചു പരാതിയുണ്ടെങ്കിൽ കോട്ടയം ആർ.ടി.ഓഫിസിലെ ലാൻഡ് ഫോൺ നമ്പരിൽ പരാതിപ്പെടാം. വീഡിയോയോ ചിത്രങ്ങളോ ഉണ്ടെങ്കിൽ വാട്‌സ്അപ്പ് നമ്പരിൽ അയച്ചു നൽകാമെന്നും ആ‌ർ.ടി.ഒ വി.എം ചാക്കോ അറിയിച്ചു. എൻഫോഴ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും.

മുട്ടുമടക്കരുതെന്ന് ജനം

മീറ്ററില്ലാതെ വായിൽ തോന്നുന്ന കൂലിയുമായി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ അക്ഷരാർത്ഥത്തിൽ നാട്ടുകാരെ പിഴിഞ്ഞെടുക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി 25 രൂപയാണെങ്കിൽ കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ഇത് 30 രൂപയാണ്. സാധാരണക്കാരായ ആളുകളാണ് അക്ഷരാർത്ഥത്തിൽ ഓട്ടോറിക്ഷകളുടെ അമിത കൂലിയ്‌ക്ക് ഇരയാകുന്നത്. മീറ്ററിനു പകരം നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് പ്രീപെയ്ഡ് കൗണ്ടർ സ്ഥാപിക്കാം എന്ന നിർദേശം മോട്ടോർ വാഹന വകുപ്പും ജില്ലാ കളക്‌ടറും മുന്നോട്ടു വച്ചിരുന്നു. എന്നാൽ, യൂണിയനുകൾ ഇതിനെ ഒറ്റക്കെട്ടായി എതിർത്ത് തോൽപ്പിക്കുകയായിരുന്നു. ഒാട്ടോ കിട്ടിയില്ലെങ്കിൽ നടന്നു പോയ്ക്കോളാം, ഈ മുഷ്ക്കിനു മുന്നിൽ മുട്ടു മ‌ടക്കരുതെന്നാണ് ജനങ്ങൾ അധികൃതരോട് ആവശ്യപ്പെടുന്നത്.