കോട്ടയം: കോട്ടയം ഉൾപ്പെടെ അഞ്ചു ജില്ലകളിൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങൾ കൂടുതലെന്ന് കണ്ടെത്തൽ. 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാർത്ഥങ്ങളുടെ അളവ് നിശ്ചിത വാർഷിക പരിധിക്ക് മുകളിലാണെന്ന് മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് എൻവയൺമെന്റൽ സയൻസസ് നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഒരു ക്യുബിക് മീറ്റർ വായുവിലുള്ള 2.5 മൈക്രോണിന് താഴെയുള്ള കണികാപദാർഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ നിശ്ചിത വാർഷിക പരിധി രാജ്യത്ത് 40 ആണ്. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന പരിധി 10 ആണ്. പൊടിപടലങ്ങളുടെ അളവ് കോട്ടയം കെ.കെ. റോഡിൽ 80 ആണ്. വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങളുമാണ് പൊടിപടലങ്ങൾ കൂടുതലാകാൻ കാരണം. റോഡുകളിലും മാലിന്യം കത്തിക്കുന്ന തുറസ്സായ സ്ഥലങ്ങൾക്ക് സമീപവും വളരെ ഉയർന്നതോതിൽ പൊടിപടലങ്ങളുണ്ട്. ചില സമയങ്ങളിൽ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോതിനൊപ്പം പൊടിപടലങ്ങളുടെ തോത് ഉയരുന്നുണ്ട്.

കോട്ടയത്ത് കെ.കെ. റോഡിൽ നൈട്രജൻ ഓക്‌സൈഡിന്റെ അളവ് നിശ്ചിത പരിധിയായ 40ലും മുകളിലാണെന്ന് പഠനങ്ങൾക്ക് നേതൃത്വം നൽകിയ പരിസ്ഥിതി ശാസ്ത്രജ്ഞനും സർവകലാശാല പ്രോ വൈസ് ചാൻസലറുമായ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ പറഞ്ഞു. എറണാകുളം, പാലക്കാട്, കണ്ണൂർ,വയനാട് എന്നിവയാണ് അന്തരീക്ഷ മലിനീകരണം കൂടുതലുള്ള മറ്റ് ജില്ലകൾ.

വിവിധ സ്ഥലങ്ങളിൽ വിവിധ സമയങ്ങളിൽ ഒരു വർഷത്തോളം നിരന്തര നിരീക്ഷണം നടത്തിയാണ് മലിനീകരണ തോത് കണക്കാക്കിയതെന്ന് ഗവേഷകനായ ജോൺ റിച്ചാർഡ് പറഞ്ഞു.

ആഗോളതലത്തിൽ വായു മലിനീകരണമുള്ള ആദ്യ 30 നഗരങ്ങളിൽ 22ഉം ഇന്ത്യയിലാണ്. ജലമലിനീകരണത്തിന്റെ പതിന്മടങ്ങ് വേഗത്തിലാണ് അന്തരീക്ഷ മലിനീകരണം ജനങ്ങളെ ബാധിക്കുന്നത്. ലോകത്താകമാനം 70 ലക്ഷം പേരാണ് വായു മലിനീകരണം മൂലം വർഷംതോറും മരിക്കുന്നത്.

നമുക്കു ചെയ്യാവുന്നത്

വീടിനുള്ളിൽ പൊടിയടിഞ്ഞു കൂടാൻ ഇടയാക്കരുത്

ഏതുവഴിക്കും വീടിനുള്ളിൽ വായു സഞ്ചാരം കൂട്ടണം.

ശുചിയാക്കാൻ പ്രകൃതിദത്ത ഉല്പന്നങ്ങൾ വേണം

മാലിന്യങ്ങൾ ഒരു കാരണവശാലും കത്തിക്കരുത്

പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തണം

വീടുകൾക്കുള്ളിൽ പൊടിപടലങ്ങൾ മൂലമുള്ള മലിനീകരണം പുറത്തെ അന്തരീക്ഷത്തിലുള്ളതിനേക്കാൾ പതിന്മടങ്ങ് കൂടുതലാണ്

-പ്രൊഫ. സി.റ്റി. അരവിന്ദകുമാർ

പ്രോ വൈസ് ചാൻസലർ

പരിധി രാജ്യത്ത് 40 മൈക്രോഗ്രാം

കോട്ടയം കെ.കെ. റോഡിൽ 80