കോട്ടയം: കുടവയറും ഓലക്കുടയും ചൂടി എല്ലാവരേയും അഭിവാദ്യം ചെയ്ത് മാവേലി മുന്നേ നടന്നു. തൊട്ടുപിന്നാലെ കാഴ്ചയുടെ പൂരം. പുലികളും കളരിയും നിശ്ചല ദൃശ്യങ്ങളും കണ്ണിന് ഇമ്പമേകിയെങ്കിൽ ചെണ്ടയും നാസിക്ഡോളുമൊക്കെ ആവേശത്തിന് അകമ്പടിയായി. കർണാകടത്തിൽ നിന്നുള്ള കലാകാരൻമാർ ചുവടുവച്ച് കോട്ടയംകാരുടെ മനസിലേയ്ക്കു കയറി.
പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ഘോഷയാത്ര ആരംഭിക്കുമ്പോൾ നഗരത്തിന്റെ ഇരുവശങ്ങളിലും കാഴ്ചക്കാരുടെ നീണ്ടനിര. കർണാടകത്തിലെ വനിതാ വീരഗാഥടോള്ളു, ബൊമ്മലാട്ട ഡാൻസ്, വീരഭദ്രൻ എന്നിവയായിരുന്നു ഘോഷയാത്രയുടെ പ്രധാന ആകർഷണം. മൂന്നടി ഉയരത്തിലുള്ള ബൊമ്മ പ്രത്യേക ചുവടുകളുമായി നീങ്ങുന്നതാണ് ബൊമ്മലാട്ട ഡാൻസ്. മൂന്നാൾ പൊക്കത്തിൽ പൊയ്ക്കാലിൽ നിന്നുള്ള അഭ്യാസപ്രകടനങ്ങളാണ് അതിന്റെ ഹൈലൈറ്റ്സ് . തിരൂർ തെയ്യം, പുലികളി, വേലകളി, അർജുന നൃത്തം, കളരിപ്പയറ്റ് , വനിതാ ശിങ്കാരിമേളം, നാസിക് ഡാൻസ്, മാവേലി വേഷങ്ങൾ, ഹൈഡ്രോളിക് ഫ്ളോട്ടുകൾ, അർദ്ധനാരീശ്വര നൃത്തം, മയിലാട്ടം, ഗരുഡൻ, റോളർ സ്‌കേറ്റിംഗ് എന്നിവ ഘോഷയാത്രയിൽ അണിനിരന്നു. സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്‌കൂൾ വിദ്യാർത്ഥികളും ഫ്‌ളോട്ടുകൾ അവതരിപ്പിച്ചു. തിരുനക്കര മന്നം സാംസ്‌കാരിക സമിതി, ഹിന്ദു ഇക്കണോമിക് ഫോറം, ദർശന കൾച്ചറൽ സെന്റർ, നവലോകം സാംസ്‌കാരിക സമിതി, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി, കേരളാ ഹോട്ടൽ ആൻഡ് റസ്‌റ്റൊറന്റ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വിവിധ സഹകരണ ബാങ്കുകൾ എന്നിവയുടെ കൂട്ടായ്മയിലാണ് ആഘോഷം ഒരുക്കിയത്.
ഓണം വിളംബര സമ്മേളനത്തിൽ തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭാദ്ധ്യക്ഷ പി. ആർ. സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ, കളക്ടർ പി.കെ. സുധീർബാബു തുടങ്ങിയവർ സംസാരിച്ചു.