വൈക്കം: മകളുടെ വിവാഹ ചെലവിനുള്ള പണത്തിനായി ബാങ്ക് വായ്പയെടുക്കാൻ കുടുംബ ഓഹരിയായി ലഭിച്ചഭൂമി പോക്കുവരവു ചെയ്തു കിട്ടാതിരുന്നതിനെ തുടർന്ന് ഗൃഹനാഥൻ വില്ലേജ് ഓഫീസിലെത്തി വിഷം കഴിക്കാൻ ഒരുങ്ങി. വിവരമറിഞ്ഞ വില്ലേജ് ഓഫീസർ തഹസിൽദാരുമായി ബന്ധപ്പെട്ട് ഉടൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കി പോക്കുവരവു നടത്തി പ്രശ്‌നം പരിഹരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. വൈക്കം വെച്ചൂർ മത്തുങ്കൽ സിബിയാണ് ഭൂമി പോക്കുവരവു ചെയ്തു കിട്ടാനായി വില്ലേജ് ഓഫീസിൽ ഒരു മാസത്തോളം പോക്കുവരവു നടത്തിയത്. ദിവസവും രാവിലെ സിബി വില്ലേജ് ഓഫീസിൽ എത്തുമ്പോഴൊക്കെ വില്ലേജ് ഓഫിസർ പോക്കുവരവു ചെയ്തു തരാൻ നിയോഗിച്ച വില്ലേജ് അസിസ്റ്റന്റ് പിറ്റേന്നു വരാൻ പറയും.നിരവധി തവണ വില്ലേജ് അസിസ്റ്റന്റിനോടു സഹായം അഭ്യർത്ഥിക്കുകയും നടക്കാതെ വന്നപ്പോൾ പൊതുപ്രവർത്തകരെ വരെ വരുത്തി ശുപാർശ ചെയ്തിട്ടും ഫലമുണ്ടായില്ല. ഗത്യന്തരമില്ലാതായതോടെ കഴിഞ്ഞ ദിവസം സിബി രാവിലെ വില്ലേജിൽ എത്തി ഫ്യൂറിഡാൻ കഴിക്കാൻ ഒരുങ്ങുകയായിരുന്നു. കാര്യം പന്തിയല്ലെന്ന് മനസിലാക്കി വില്ലേജ് ഓഫീസർ അവസരത്തിനൊത്തു ഉയർന്നതിനാൽ പ്രശ്‌നം പരിഹരിക്കപ്പെടുകയായിരുന്നു.