കാഞ്ഞിരപ്പള്ളി : പത്തുവർഷം മാലിന്യക്കൂമ്പാരമായി കിടന്ന പൊതുവഴി ഹരിതകേരളമിഷൻ പ്രവർത്തകരും വിവിധ സംഘടനകളും ചേർന്ന് പുതുവഴിയാക്കി മാറ്റി. ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ അക്കരപ്പള്ളിയുടെയും, മീനച്ചിൽ ബാങ്കിന്റെയും മദ്ധ്യത്തിലൂടെചിറ്റാർ പുഴയുടെ കുളിക്കടവിലേക്കുള്ള അമ്പത് മീറ്ററോളം നീളമുള്ള വഴിയാണ് വീണ്ടെടുത്തത്. ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള എളുപ്പവഴിയായിരുന്നു ഇത്. സമീപത്തെ കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ നിഷേപിച്ചതോടെയായിരുന്നു റോഡിന്റെ നാശത്തിന് തുടക്കം. പിന്നീട് ഇവിടം മാലിന്യനിക്ഷേപകേന്ദ്രമായി മാറി.

ചിറ്റാർപുഴ പുനർജനി പദ്ധതിയുടെ ഭാഗമായി ഒന്നര മാസം മുമ്പ് വഴിനിറഞ്ഞ് കിടന്നിരുന്ന മാലിന്യങ്ങൾ യന്ത്രസഹായത്തോടെ നീക്കി. ബാക്കി വന്ന കുപ്പിച്ചില്ലുകൾ അടക്കമുള്ള മാലിന്യങ്ങളും, കാടും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ നാഷനൽ സർവീസ് സ്‌കീം വോളന്റിയർമാരും, ചിറ്റാർ പുനർജനി പ്രവർത്തകരും ചേർന്ന് നീക്കി വഴി പൂർണമായും സഞ്ചാരയോഗ്യമാക്കി. ചിറ്റാർപുഴ പുനർജനി പദ്ധതി ജനറൽ കൺവീനറും ടൗൺ വാർഡംഗവുമായ എം.എ.റിബിൻ ഷാ, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ വിപിൻ രാജു, അൻഷാദ് ഇസ്മായിൽ, ചിറ്റാർ പുനർജനി മിഷൻ ഭാരവാഹികളായ പി.പി.അഹമ്മദ് ഖാൻ, റിയാസ് കാൾടെക്‌സ്, എൻ.എസ്.എസ് പോഗ്രാം ഓഫീസർ ജോജി, വോളന്റിയർ സെക്രട്ടറി മെൽബിൻ എന്നിവർ നേതൃത്വം നൽകി. ചിറ്റാർപുനർജനി പദ്ധതി ചെയർമാൻ സ്‌കറിയാ ഞാവള്ളി ഉദ്ഘാടനം ചെയ്തു.