അടിമാലി: ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട പിടിയാനയുടെ ജഡമാണ് മാങ്കുളം വേലിയാംപാറക്കുടി ആദിവാസി കോളനിക്ക് സമീപം കണ്ടെത്തിയതെന്ന് പോസ്റ്റ്മാട്ടം റിപ്പോർട്ടിൽ സൂചന. ഞായറാഴ്ച്ച വൈകിട്ട് 7 മണിയോടെയായിരുന്നു ഗോത്രമേഖലയോട് ചെർന്നിടത്ത് ആനയുടെ മൃതദേഹം കണ്ടത്.. ഏകദേശം 4 വയസ്സ് പ്രായമുള്ള പിടിയാനയാണ് ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ആനകൾ തമ്മിൽ ഇടി കൂടിയതിനിടയിൽ പിടിയാനയുടെ ആന്തരികാവയവങ്ങൾക്കേറ്റ പരിക്കും തുടർന്നുണ്ടായ അണുബാധയുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകുന്ന സൂചനയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇന്നലെ ഉച്ചക്ക് ശേഷം മൃതദേഹം കാണപ്പെട്ടിടത്ത് തന്നെ ദഹിപ്പിച്ചു... കൂടുതൽ പരിശോധനക്കായി മൃതദേഹത്തിന്റെ സാമ്പിളുകൾ വിവിധ ലാബുകളിലേക്ക് അയച്ചു. മൃതദേഹത്തിന് ഏകദേശം 4 ദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നാണ് കരുതുന്നത്. ചെരിഞ്ഞ ആനയുടെ കൂടെയുണ്ടായിരുന്ന ആനക്കൂട്ടം സമീപത്തുള്ള വനമേഖലയിൽ ചുറ്റി തിരിയുന്നുണ്ട്. ഈ ആനകളെ വനം വകുപ്പുദ്യോഗസ്ഥർ നിരീക്ഷണത്തിന് വിധേയമാക്കി വരികയാണ്. . മൂന്നാർ ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ മാർട്ടിൻ, അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ വിജയൻ, ഫോറസ്റ്റ് വെറ്റിനറി അസിസ്റ്റന്റ് സർജൻ ഡോ. നിഷ, അടിമാലി സീനിയർ വെറ്റിനറി സർജൻ ശെൽവം തുടങ്ങിയവരുടെ നേത്യത്വത്തിലാണ് തുടർ നടപടികൾ സ്വീകരിച്ചത്.